കൊവിഡ് ആരും നിസാരമായി എടുക്കരുതെന്ന് ബീനാ ആന്റണി

‘ആശുപത്രിയില്‍ പോകേണ്ടെന്ന് തോന്നി, അത് വലിയ തെ‌റ്റായിപ്പോയി, ശ്വാസം കിട്ടാത്ത അവസ്ഥയായി’

കൊവിഡ് ബാധിച്ച്‌ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലൂടെ കടന്നുപോയെന്നും ഇത് രണ്ടാം ജന്മമാണെന്നും തുറന്നുപറഞ്ഞ് നടി ബീനാ ആന്റണി. രോഗമുക്തയായി വീട്ടില്‍ തിരികെയെത്തിയ ശേഷം ഒരു വ്‌ളോഗിലൂടെ തന്റെ രോഗാനുഭവം പങ്കുവയ്‌ക്കുകയായിരുന്നു നടി.

എറണാകുളത്ത് ജോലിക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പോകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞെങ്കിലും പോയില്ല. അത് വലിയ തെ‌റ്റായെന്നും ശ്വാസം കിട്ടാത്ത അവസ്ഥയിലാണ് ഇ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബീനാ ആന്റണി പറയുന്നു.

ചികിത്സിച്ച ഡോക്‌ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറഞ്ഞ നടി കൃത്യസമയത്ത് ‘അമ്മ’ സംഘടനയുടെ സഹായം ലഭിച്ചതും ആശ്വാസമായെന്നും അമ്മ ഭാരവാഹികളോട് നന്ദി അറിയിച്ച്‌ ബീന പറഞ്ഞു. ഫോണിലൂടെ സുഖവിവരം അന്വേഷിച്ച മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, പാര്‍വതി ജയറാം, സിദ്ദിഖ് എന്നിവരോടെല്ലാം കടപ്പാട് അറിയിച്ചു.

ഇപ്പോള്‍ രോഗം ഭേദമായ ശേഷം വീട്ടില്‍ നിരീക്ഷണത്തിലാണ് ബീനാ ആന്റണി.

ബീനാ ആന്റണിയുടെ വാക്കുകള്‍

‘എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോയത്. ശ്വാസമൊക്കെ നന്നായി എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള‌ളു. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല.

പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കൊവിഡ് ബാധിക്കുന്നത്. ‍തളര്ച്ച തോന്നിയപ്പോള്‍ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ വീട്ടില്‍ ആറേഴ് ദിവസം ഇരുന്നു. പക്ഷെ പനി വിട്ടു മാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി.

പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച്‌ അഡ്മിഷന്‍ റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു.

പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ല്‍ താഴെയായപ്പോള്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്‌റ്റെപ്പ് വച്ചാല്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയില്‍ പ്രവേശിച്ചത്.

ഡോക്ടര്‍മാരും നഴ്സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാന്‍ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല.

അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാന്‍ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു.

പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല.

രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടര്‍ക്ക് പോലും ഭയങ്കര അതിശയമായി. രണ്ട് ദിവസം കൊണ്ട് ഓക്സിജന്‍ മാസ്‌ക് മാറ്റാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മുതല്‍ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമ്മുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങള്‍ നല്ലതുണ്ടാവട്ടെ. കൊവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. കൊവിഡ് ആരും നിസാരമായി എടുക്കരുത്.

രണ്ട് വര്‍ഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് ‘അമ്മ’ എന്ന സംഘടനയെ കുറിച്ച്‌ പറയാതിരിക്കാന്‍ വയ്യ. അസുഖബാധിതയായ ഉടന്‍ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നല്‍കി. ആത്മവിശ്വാസം നല്‍കി. പറയാതിരിക്കാന്‍ വയ്യ. ആശുപത്രിയില്‍ വലിയൊരു തുകയായി. പക്ഷേ ‘അമ്മ’യുടെ മെഡി ക്ലെയിം ഉള്ളതിനാല്‍ കൈയില്‍ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാന്‍ ഈ തുക ഉപയോഗിക്കുന്നത്.

ഒരുപാട് നടന്മാരും നടിമാരും വിളിച്ച്‌ സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തില്‍ മനസിലാക്കുകയാണ് എല്ലാവരുടെയും സ്‌നേഹം. സുരേഷേട്ടന്‍, സിദ്ദിഖിക്ക, പാര്‍വതി ചേച്ചി, ഹരിശ്രീ അശോകേട്ടന്‍ അങ്ങനെ ഒരുപാട് പേര്‍. മനുവിനും കൊച്ചിനും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്കും കുടുംബത്തിനും, എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഇപ്പോള്‍ ഒരാഴ്ച ഹോം ക്വാറന്റീനിലാണ്. അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച്‌ നിങ്ങളെ കാണാന്‍ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവന്‍ നന്മ വരട്ടെ. കൊവിഡ് ലോകത്ത് നിന്നുതന്നെ മാറി പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. നന്ദി.’

spot_img

Related Articles

Latest news