പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്‌നി ഹാജറയുടെയും ത്യാഗസ്മരണകള്‍ പുതുക്കി നാടെങ്ങും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.കേരളത്തില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. പുതുവസ്ത്രമണിഞ്ഞും തക്ബീര്‍ ചൊല്ലിയും കുട്ടികളുമടക്കമുള്ളവര്‍ അതിരാവിലെ മുതല്‍ ഈദ്ഗാഹുകളിലും പള്ളികളിലും പ്രാര്‍ഥനാ നിരതരായി.
പെരുന്നാള്‍ നമസ്‌കാരത്തില്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മകുടോദാഹരണമായ പ്രവാചകന്‍ ഇബ്രാഹീമിന്റെ പാത പിന്തുടരാന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു. നമസ്‌കാര ശേഷം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും ഈദാശംസകള്‍ കൈമാറി. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും മധുരം നുണഞ്ഞുമാണ് സന്തോഷം പങ്കിട്ടത്. ഗസയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും ചിലര്‍ ബലിപെരുന്നാളിനെ വരവേറ്റു. ബലികര്‍മം നടത്തിയ മാംസം വീടുകളില്‍ വിതരണം ചെയ്തു. പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന ബലി പെരുന്നാള്‍ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.