എഡിഎമ്മിൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ.പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നാണ് അൻവറിന്റെ ആരോപണം. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്ന് പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ അൻവർ പറഞ്ഞു.
പി ശശിക്ക് ബിനാമികളുടെ പേരില്‍ സംസ്ഥാനത്ത് നിരവധി പെട്രോള്‍ പമ്പുകള്‍ ഉണ്ടെന്നും പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നും അൻവർ പറഞ്ഞു. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു മരിച്ച നവീൻ ബാബു. ദിവ്യയുടെ ഭർത്താവ് ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.
എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി ശശിയാണെന്നും അൻവർ കുറ്റപ്പെടുത്തി. കണ്ണൂരില്‍ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരില്‍ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അൻവർ ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കാൻ കേരളത്തിലെ ജനങ്ങള്‍ക് ആഗ്രഹം ഉണ്ടെന്നും അൻവർ പറഞ്ഞു.