കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം പോളിങ് ഇന്ന് രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചു. 34 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ തീരുമാനിച്ചതനുസരിച്ച് 36 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ മരണത്തെത്തുടര്‍ന്ന് ജന്‍ഗിപൂര്‍, സംസെര്‍ഗഞ്ച് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനം അതിന്റെ മാര്‍ധന്യത്തിലെത്തിയ സമയത്താണ് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ കാജന്‍ സിന്‍ഹ കഴിഞ്ഞ ദിവസമാണ് കൊവിഡിന് കീഴടങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റോഡ് ഷോ, കൂറ്റന്‍ റാലികള്‍ എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നല്‍കിയ അനുമതിയും പിന്‍വലിച്ചിട്ടുണ്ട്.
എട്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27നാണ് തുടങ്ങിയത്. ഏപ്രില്‍ 1, 6, 10, 17, 22 തിയ്യതികളില്‍ അടുത്ത ഘട്ടങ്ങള്‍ നടന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് നടക്കും.
294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 2ന് നടക്കും.