പ്രവാസി ക്ഷേമം ഉറപ്പാക്കും; മാനിഫെസ്റ്റോയിൽ നിർദ്ദേശങ്ങൾ തേടി ബെന്നി ബഹന്നാൻ, പുതുയുഗ യാത്രയ്ക്ക് റിയാദിൽ ഐക്യദാർഢ്യം

റിയാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രവാസികൾക്ക് അർഹമായ മുൻഗണന ഉറപ്പാക്കുമെന്നും, അതിനായി പ്രവാസി സമൂഹത്തിന്റെ ക്രിയാത്മകവും ദൂരദർശിത്വപരവുമായ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും കോൺഗ്രസ് മാനിഫെസ്റ്റോ ചെയർമാനും ചാലക്കുടി പാർലിമെന്റ് അംഗവുമായ ബെന്നി ബഹന്നാൻ എംപി വ്യക്തമാക്കി. കേരളത്തെ വീണ്ടെടുക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തിന്റെ അധ്വാനവും സംഭാവനകളും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നതാണെന്നും, എന്നാൽ ഇന്നും പല മേഖലകളിൽ അവർ അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്നുവെന്നും ബെന്നി ബഹന്നാൻ ചൂണ്ടിക്കാട്ടി. പ്രവാസി പ്രശ്നങ്ങൾ കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊതുക്കാതെ, നയരൂപീകരണത്തിന്റെ കേന്ദ്രവിഷയമാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ തൊഴിൽ സുരക്ഷ, മടങ്ങിവരുന്നവർക്കുള്ള പുനരധിവാസ പദ്ധതികൾ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രത്യേക പരിഗണന തുടങ്ങിയ വിഷയങ്ങൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ പ്രവാസി സംഘടനകളുടെ നിർദ്ദേശങ്ങൾ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സാംസ്കാരിക സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ ആമുഖ പ്രഭാഷണം നടത്തി.

പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക പങ്കാളിത്തവും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങളും സംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി. എ. സലീം മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ ഐക്യവും സംഘടനാശക്തിയും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമാണന്നും പ്രവാസി സമൂഹത്തിന്റെ ആശങ്കകളും പ്രതീക്ഷകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും,അതുകൊണ്ട് തന്നെ പ്രവാസികളുടെ ശബ്ദം നയരൂപീകരണത്തിലും പ്രതിഫലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഒ.ഐ.സി.സി നേതാക്കളായ ബിജു കല്ലുമല, ഹക്കീം പാറക്കൽ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, റഹ്മാൻ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്,സിദ്ധിക്ക് കല്ലുപറമ്പൻ, മൃദുല വിനീഷ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരകേന്ദ്രങ്ങളിലെത്തിക്കാൻ ഒ.ഐ.സി.സി വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കേണ്ടതുണ്ടെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സംഘാടക സമിതി കൺവീനർമാരായ നിഷാദ് ആലംങ്കോട്, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപള്ളി, സജീർ പൂന്തുറ, എൽ കെ അജിത്ത് എന്നിവർ വേദിയിൽ സന്നിഹിതരായി. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ബാലു കുട്ടൻ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണം നടന്നു. ആഷിക് മുഹമ്മദ് റഷീദ്, ഡേവിഡ് ലൂക്ക്, ഡോ. മുഹമ്മദ് ഇഡ്രീസ്, നൗഷാദ് പന്മന, സലീം, മാത്യു വർഗീസ്, ഷാജി സോന എന്നിവർക്കുള്ള പുരസ്കാരങ്ങൾ ബെന്നി ബഹന്നാൻ എംപി വിതരണം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തുന്ന ഇത്തരം അംഗീകാരങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നേതാക്കൾക്ക് പ്രത്യേക ആദരവുകളും നൽകി. ബെന്നി ബഹന്നാൻ എംപിക്ക് നവാസ് വെള്ളിമാട്കുന്നും, പി. എ. സലീമിന് റഷീദ് കൊളത്തറയും, ബാലകൃഷ്ണ പെരിയക്ക് റസാഖ് പൂക്കോട്ടുപാടം എന്നിവർ ആദരിച്ചു. സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളെ ആദരിക്കുന്നതിലൂടെ ഒ.ഐ.സി.സി തന്റെ മൂല്യങ്ങളും പാരമ്പര്യവും നിലനിർത്തുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെട്ടത്.

അകാലത്തിൽ അന്തരിച്ച ഒ.ഐ.സി.സി സെക്രട്ടറി രാജു പപ്പുള്ളിയുടെ കുടുംബത്തിന് സെൻട്രൽ കമ്മിറ്റിയുടെ പ്രത്യേക കുടുംബസാന്ത്വന സഹായം മുഹമ്മദലി മണ്ണാർക്കാട് കൈമാറി. സംഘടനയുടെ സഹാനുഭൂതിയും കൂട്ടായ്മയുടെ കരുത്തും ഈ നിമിഷത്തിൽ തെളിഞ്ഞുനിന്നു.
തുടർന്ന് അശോകൻ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ നടന്ന ഗസൽ സന്ധ്യ സദസ്സിന് സംഗീതമധുരത്തിന്റെ പുതുമയാർന്ന അനുഭവം സമ്മാനിച്ചു. രാഷ്ട്രീയ ചർച്ചകളും സാമൂഹിക സംവാദങ്ങളും മാത്രമല്ല, സാംസ്കാരിക ആസ്വാദനത്തിനും ഒ.ഐ.സി.സി നൽകുന്ന പ്രാധാന്യം സമ്മേളനത്തെ സമഗ്രമായ ഒരു പ്രവാസി ഉത്സവമായി മാറ്റി.

spot_img

Related Articles

Latest news