‘ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥമറിയില്ല, എസ്‌എഫ്‌ഐ ബാധ്യതയായി മാറും’; വിമര്‍ശനവുമായി ബിനോയ് വിശ്വം

പ്രതിപക്ഷത്തിന് പിന്നാലെ എസ്‌എഫ്‌ഐയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സിപിഐയും രംഗത്ത്. എസ്‌എഫ്‌ഐ തുടരുന്നത് പ്രാകൃത സംസ്‌കാരമാണെന്നും എസ്‌എഫ്‌ഐയെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആലപ്പുഴയില്‍ പറഞ്ഞു.

”എസ്‌എഫ്‌ഐ ശൈലി തിരുത്തണം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല അത്. അതൊരു പ്രാകൃതമായ സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്‌എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല. പുതിയ എസ്‌എഫ്‌ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴമറിയില്ല. പുതിയ എസ്‌എഫഐക്കാര്‍ക്ക് പുതിയ ലോകത്തിന് മുന്നിലുള്ള ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി അറിയില്ല. അവരെ പഠിപ്പിക്കണം. ശരിയായ പാഠം പഠിച്ച്‌ അവര്‍ തിരുത്തിയില്ലെങ്കില്‍ എസ്‌എഫ്‌ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായി മാറും”, ബിനോയ് വിശ്വം പറഞ്ഞു.

എസ്‌എഫ്‌ഐ അക്രമങ്ങളെ ന്യായീകരിച്ച്‌ നിയസഭയില്‍ മുഖ്യമന്ത്രി രംഗത്തുവന്ന സമയത്തുതന്നെയാണ് എസ്‌എഫ്‌ഐക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയും രംഗത്തുവന്നിരിക്കുന്നത്. എസ്‌എഫ്‌ഐക്ക് എതിരായ വിമര്‍ശനങ്ങള്‍ സിപിഐ ഇടക്കാലത്തു മയപ്പെടുത്തിയിരുന്നു. എംജി സര്‍വകലാശാലയില്‍ എഐഎസ്‌എഫ് വനിതാ നേതാവ് അടക്കമുള്ളവരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എസ്‌എഫ്‌ഐയ്ക്ക് എതിരായ വിമര്‍ശനത്തിന് തയാറായിരുന്നില്ല.

എഐഎസ്‌എഫിന്റെ ഭാഗത്തുനിന്നും എസ്‌എഫ്‌ഐ വിമര്‍ശനങ്ങള്‍ മയപ്പെട്ടിരുന്നു. എസ്‌എഫ്‌ഐയെ സിപിഎം തിരുത്തട്ടേയെന്നും ഈ വിഷയത്തില്‍ തങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇടക്കാലത്ത് സിപിഐ സ്വീകരിച്ചുവന്നത്. എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, സിപിഐയില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പേരെടത്തു പറഞ്ഞ് ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായി. ഇതിന് പിന്നാലെയാണ്, കാര്യവട്ടം ക്യാംപസ്, കൊയിലാണ്ടി ഗുരുദേവ കോളേജ് ആക്രമണങ്ങളുണ്ടായത്. ഇതോടെ, വിമര്‍ശനം സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ ഏറ്റെടുക്കുകയായിരുന്നു.ക്യാംപസുകളില്‍ എഐഎസ്‌എഫിനെ സജീവമാക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. വരുന്ന സര്‍വകലാശാല തിരഞ്ഞെടുപ്പുകളില്‍ പരമാവധി ക്യാംപസുകളില്‍ എഐഎസ്‌എഫ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നാണ് സിപിഐ എഐഎസ്‌എഫിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എസ്‌എഫ്‌ഐ അതിക്രമങ്ങള്‍ നടത്താന്‍ സാധ്യതയുള്ള കലാലയങ്ങളില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ എഐവൈഎഫ് നേതൃത്വത്തോടും സിപിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എഐവൈഎഫ് സംസ്ഥാന നേതൃത്വത്തോട് സിപിഐ നിര്‍ദേശം നല്‍കുകയും ചെയ്തു.

എസ്‌എഫ്‌ഐ അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്നതില്‍ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്ന് എഐഎസ്‌എഫ് നേതൃത്വത്തിനും സിപിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ്‌എഫ്‌ഐ അതിക്രമം രൂക്ഷമായ 2019-ന് ശേഷം എഐഎസ്‌എഫും എസ്‌എഫ്‌ഐയും തമ്മില്‍ സഖ്യമായല്ല ക്യാംപസ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്.നിയമസഭയില്‍ എസ്‌എഫ്‌ഐ അതിക്രമങ്ങളെ കുറിച്ച്‌ പരാമര്‍ശിച്ചപ്പോള്‍ എസ്‌എഫ്‌ഐ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളെ കുറിച്ച്‌ എം വിന്‍സന്റ് എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ‘എഐഎസ്‌എഫിന്റെ വനിതാ നേതാവിനെ കേട്ടാലറയ്ക്കുന്ന ഭാഷാപ്രയോഗം നടത്തിയ നേതാവിനെ സംസ്ഥാന സെക്രട്ടറിയാക്കിയപ്പോള്‍ എസ്‌എഫ്‌ഐ പൊങ്ങിപ്പോയി’ എന്നായിരുന്നു വിന്‍ന്റിന്റെ വിമര്‍ശനം.

എസ്‌എഫ്‌ഐ അതിക്രമങ്ങള്‍ കാരണം കുട്ടികള്‍ ക്യാമ്പസുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയാണ് എന്ന് വിന്‍സന്റ് ആരോപിച്ചു. എന്നാല്‍, പുറത്തുനിന്നുള്ളവരാണ് ക്യാമ്പസിലെത്തി സംഘര്‍ഷമുണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം ജില്ലാ ഘടകങ്ങളില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമല്ലെന്ന് ജില്ലാ ഘടകങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്, രക്‌സാക്ഷികളുടെ കണക്കുകള്‍ വരെ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി എസ്‌എഫ്‌ഐ അതിക്രമങ്ങളെ സഭയില്‍ ന്യായീകരിച്ചത്.

spot_img

Related Articles

Latest news