ദോഹ- ഖത്തറിൽ കഴിഞ്ഞയാഴ്ച അവസാനിച്ച ലോകകപ്പ് ഫുട്‌ബോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പാണെന്ന് ബി.ബി.സി സ്‌പോർട്ട് നടത്തിയ വോട്ടെടുപ്പ്. 78% വോട്ടുകൾ നേടിയാണ് ഖത്തർ ലോകകപ്പ് മികച്ചതെന്ന അഭിപ്രായം നേടിയത്. ദക്ഷിണാഫ്രിക്കയിൽ 2010-ൽ നടന്ന ലോകകപ്പിന് മൂന്നും 2002-ൽ ജപ്പാൻ-കൊറിയ ലോകകപ്പിന് ആറും ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 18 ന് ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ലയണൽ മെസ്സി അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചതും ബി.ബി.സി എടുത്തുകാണിച്ചു.
2014 ബ്രസീൽ ലോകകപ്പിന് വെറും അഞ്ചു ശതമാനം വോട്ടാണ് ലഭിച്ചത്. 2006-ലെ ജർമൻ ലോകകപ്പിന് ലഭിച്ചതാകട്ടെ ആറു ശതമാനം വോട്ടും. റഷ്യയിൽ 2018-ൽ നടന്ന ലോകകപ്പിനും ലഭിച്ചത് ആറു ശതമാനം. ഖത്തർ ലോകകപ്പിനെതിരെ നിരന്തരം നെഗറ്റീവ് വാർത്തകൾ നൽകിയ ശേഷമാണ് ബി.ബി.സി സർവേ നടത്തിയത്. എന്നിട്ടും നൂറ്റാണ്ടിലെ മികച്ച ലോകകപ്പായി ജനം തെരഞ്ഞെടുത്തത് ഖത്തർ ലോകകപ്പ് ആയിരുന്നു.