*മദ്യവിൽപന ഓണ്‍ലൈനിലേക്ക്: മൊബൈൽ ആപ്പുമായി ബെവ്‍കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗിയടക്കം കമ്പനികള്‍*

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യവിൽപനക്കൊരുങ്ങി ബെവ്‍കോ. വിഷയത്തിൽ ബെവ്കോ എം.ഡി സർക്കാറിന് ശുപാർശ സമർപ്പിച്ചു. ഓണ്‍ലൈൻ വിൽപനക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. സ്വിഗ്ഗിയടക്കമുള്ള കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് ബെവ്കോ അനുമതി തേടിയിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. 23 വയസിന് മുകളിലുള്ള ആളുകൾക്ക് മാത്രമേ മദ്യം വാങ്ങിക്കാൻ കഴിയൂ. മദ്യം വാങ്ങുന്നതിന് മുമ്പ് പ്രായം തെളിക്കുന്ന രേഖ നൽകണം. ഇതിനൊപ്പം വിൽപന കൂട്ടാനായി വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന ശുപാര്‍ശയും ബെവ്‍കോ നൽകിയിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ആവശ്യം ഉയരുന്നതായി ബെവ്കോ പറഞ്ഞു. വിദേശ നിര്‍മിത ബിയര്‍ വിൽപനയും അനുവദിക്കണമെന്ന ആവശ്യവും ബെവ്കോ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യ കുപ്പികൾ തിരികെ എടുക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തിരികെ നൽകുന്ന മദ്യ കുപ്പികൾക്ക് കുപ്പി ഒന്നിന്ന് 20 രൂപ വെച്ച് നൽകും. പ്ലാസ്റ്റിക്, ചില്ലു കുപ്പികളാണ് തിരിച്ചെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരും സെപ്തംബറോടെ നടപ്പിലാക്കാനാണ് തീരുമാനം. ക്യു.ആർ കോഡ് പതിച്ച കുപ്പികൾ വാങ്ങിയ ഔട്ട്‍ലെറ്റിൽ തന്നെ തിരികെ ഏൽപ്പിച്ച് പണം അക്കൗണ്ടിലേക്ക് വാങ്ങാം. 70 ലക്ഷം മദ്യകുപ്പികളാണ് ബിവറേജുകൾ പ്രതിവർഷം വിറ്റഴിക്കുന്നത്. ഇങ്ങനെ പുറത്തെത്തുന്ന 56 കോടി പ്ലാസ്റ്റിക് ബോട്ടിലുകളാണ് സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളിൽ പ്രധാന ഘടകമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറയുന്നു. കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്നാട് ഇതിനോടകം വിജയിപ്പിച്ചു കഴിഞ്ഞു.ഉപഭോക്താക്കളിൽ നിന്ന് പണം നൽകി മദ്യ കുപ്പികൾ തിരികെ എടുക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മാലിന്യ സംസ്കരണ ഉദ്യമങ്ങൾക്ക് ശക്തി പകരും. ക്ലീൻ കേരള കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഇങ്ങനെ തിരിച്ചെടുക്കുന്ന കുപ്പികൾ റീസൈക്കിൾ ചെയ്ത് തിരികെ നൽകും. പദ്ധതി പ്രഖ്യാപനത്തിനൊപ്പം ബെവ്കോയുടെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റ് ആഗസ്റ്റ് 5ന് തൃശൂരിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 900 രൂപക്ക് മുകളിൽ വില വരുന്ന മദ്യമാകും ഇവിടെ ലഭ്യമാക്കുക. ഇത്തരത്തിൽ 4 ഔട്ട്‍ലെറ്റുകൾ ഭാവിയിൽ തുറക്കും. 800 രൂപക്ക് മുകളിലുള്ള മദ്യം ചില്ലു കുപ്പികളിൽ മാത്രമേ വിതരണം ചെയ്യൂ എന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news