പറ്റ്ന: പതിനെട്ടു മാസം നീണ്ട ആർജെഡി, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജി വെച്ചു.ഇന്നു വൈകിട്ട് തന്നെ പുതിയ മന്ത്രിസഭ അധികാരത്തിലേറിയേക്കും. ജെഡിയു നിയമസഭാ കക്ഷി യോഗം പൂർത്തിയായ ഉടനെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വി. ആർലേക്കറിനെ നേരിട്ട് കണ്ടാണ് നിതീഷ് രാജി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടാണ് അദ്ദേഹം സഖ്യകാര്യങ്ങള്‍ ചർച്ച ചെയ്യുന്നത്.അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആർ.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേർന്നു.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിർത്താൻ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.2022 ഓഗസ്റ്റിലാണ് ബിജെപിയോടു പിണങ്ങി നിതീഷ് മഹാസഖ്യത്തോടൊപ്പം ചേർന്നത്.
നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറിലെ മഹാസഖ്യത്തില്‍ ആർജെഡിക്കും കോണ്‍ഗ്രസിനും പുറമെ സിപിഐ(എംഎല്‍), സിപിഎം, സിഎംഐ എന്നിവ ഉള്‍പ്പെടുന്നു. ബിഹാർ നിയമസഭയില്‍ ആകെ 243 സീറ്റുകളാണുള്ളത്. നിലവില്‍ രാഷ്ട്രീയ ജനതാദളിന് 79, ഭാരതീയ ജനതാ പാർട്ടിക്ക് 77, ജനതാദള്‍ യുണൈറ്റഡിന് 45, കോണ്‍ഗ്രസിന് 19, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎല്‍) 12, എഐഎംഐഎം 1, ഹിന്ദുസ്ഥാനി 4 എന്നിങ്ങനെയാണ് സീറ്റുകള്‍. അവാം മോർച്ച (HAM), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യില്‍ നിന്ന് 2 എംഎല്‍എമാരും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് 2 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയും ഉണ്ട്.