പാട്ന: ബിഹാറില്‍ സീറ്റ് വിഭജന ചർച്ചക്കിടെ ബിജെപി – ജെഡിയു തർക്കം. നിതീഷ് കുമാർ ഏകപക്ഷീയമായി ആദ്യ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു.എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നിതീഷിന്റെ പ്രഖ്യാപനം. രാജ്പുര്‍ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെയാണ് നിതീഷ് പ്രഖ്യാപിച്ചത്. ബിജെപിയെക്കാള്‍ ഒരു സീറ്റ് അധികം വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം.
ശനിയാഴ്ച ബക്സറില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയിലെ വേദിയിലിരുത്തിയാണ് നിതീഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എസ്സി വിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത രാജ്പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ സന്തോഷ് കുമാര്‍ നിരാലയായിരിക്കുമെന്ന് നിതീഷ് പ്രഖ്യാപിക്കുകയായിരുന്നു.
‘ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചതിന്റെ ഫലമായി വികസനത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്തു. ഞങ്ങളെ പിന്തുണക്കേണ്ട ജോലി ഇനി ജനങ്ങള്‍ക്കാണ്. അതുകൊണ്ട് ഇവിടെ നിന്ന് നിരാലയെ വിജയിപ്പിക്കണം’, നിതീഷ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിശ്വന്ത് റാമിനെതിരെ തോറ്റ സ്ഥാനാര്‍ത്ഥിയാണ് മുന്‍ മന്ത്രിയായ നിരാല. എന്നാല്‍ നിതീഷിന്റെ പ്രഖ്യാപനം തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.