കണ്ണൂർ : കണ്ണൂർ ബസ് സ്റ്റാൻഡിൽ രഹസ്യമായി മാഹി മദ്യവില്പന നടത്തുകയായിരുന്ന ബീഹാർ സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ ബാരാപ്പൂർ ബുക്സർ സ്വദേശി രാജ്കുമാറി (45) നെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ ടി.ഉണ്ണികൃഷ്ണൻ, ഷാഡോ പോലീസ് എസ്.സി പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്നും കേരളത്തിൽ വില്പനക്കനുമതിയില്ലാത്ത ഇരുപത് കുപ്പി മാഹി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ടൗണിലെ ലോഡ്ജുകളിലും മറ്റും താമസിച്ച് വൻതോതിൽ മാഹിയിൽ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് നിർമ്മാണ തൊഴിൽ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വില്പന നടത്തിവരികയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.