വളാഞ്ചേരി: രണ്ട് വർഷം മുൻപ് ബാംഗ്ലൂരിൽ നിന്നും കളവുപോയ കോഴിക്കോട് പയ്യോളി സ്വദേശിയുടെ ബൈക്ക് വളാഞ്ചേരിയിൽ വെച്ച് ഹൈവേ പോലീസ് പിടികൂടി. വളാഞ്ചേരി മീമ്പാറയിൽ വെച്ച് സംശയാസ്പദമായി കണ്ട യമഹ എഫ് സെഡ് ബൈക്ക് ഹൈവേ പോലീസ് പരിശോധനയിലാണ് നിലവിലെ ബൈക്കിൻ്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിൻ്റെ എൻജിൻ നമ്പർ, ചെയ്സിസ് നമ്പർ എന്നിവ പരിശോധിച്ചതിൽ കർണാടക രജിസ്ട്രേഷൻ വാഹനമാണെന്ന് കണ്ടെത്തുകയുണ്ടായി. ഉടനെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബഷീർ ചിറക്കൽ വാഹനത്തെ പറ്റി വിശദമായി അന്വേഷിക്കുകയും മേൽവാഹനം ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു വർഷം മുൻപ് കളവു പോയതാണ് മനസിലാക്കുകയായിരുന്നു. വാഹനത്തിൻ്റെ യഥാർത്ഥ ഉടമയായ കോഴിക്കോട് പയ്യോളി സ്വദേശിയെ കണ്ടെത്തി വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വാഹന പരിശോധനയിൽ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, Asi അബ്ദുൽ റഷീദ്, പോലീസുകാരായ പ്രവീൺ , സി . പ്രവീൺ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും വാഹന പരിശോധന ഹൈവേ പോലീസ് കർശനമാക്കുന്നതാണ്.