ഉപകരണം വികസിപ്പിച്ച് കൊച്ചിയിലെ സ്‌റ്റാര്‍ട്ടപ്പ്
ഉപയോഗിച്ച മാസ്കുകള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ച് തല പുകക്കേണ്ട. അതിനും സംവിധാനമായി. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊല്യൂഷന്‍സാണ് മാസ്കുകള്‍ ശേഖരിച്ച് അണുവിമുക്തമാക്കി നശിപ്പിക്കുന്ന ബിന്‍ 19 എന്ന ഉപകരണം വികസിപ്പിച്ചത്.
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ സഹായത്തോടെയാണ് വിഎസ്ടി ഉപകരണം വികസിപ്പിച്ചത്. ഉപയോഗിച്ച മാസ്ക് ബിന്‍ – 19 ന്റെ ചേംബറിലിടുമ്പോൾ അണു വിമുക്തമാകുകയും ബിന്നിനകത്തെ മറ്റൊരു അറയില്‍ മാസ്കുകള്‍ എത്തുകയും ചെയ്യും.
മാസ്ക് ചേംബറിലിടുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സറിന്റെ സഹായത്തോടെ കൈ അണു വിമുക്തമാക്കാം. ഇന്റര്‍നെറ്റ് ഓഫ് തിങ്സിന്റെ സഹായത്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവര്‍ത്തനം.
ബിന്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോഴും തുറക്കുമ്പോഴും ഓഫ് ആകുമ്പോഴും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവുമുണ്ടെന്ന് വിഎസ്ടി സിഇഒ അല്‍വിന്‍ ജോര്‍ജ് പറഞ്ഞു. പൊതുനന്മാ ഫണ്ടുപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ബിന്‍ 19 സ്ഥാപിച്ചുകഴിഞ്ഞു.
ബിന്‍ 19ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു.