കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ജാമ്യം.
വ്യാഴാഴ്ച ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈകോടതി ജസ്റ്റിസ് എം.ജി ഉമയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം 2020 നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
2021 ഫെബ്രുവരിയില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. 2021 ഏപ്രിലിലാണ് ഹൈകോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈകോടതി ബെഞ്ച് മാറിയത്. പലതവണയായി നീണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണിപ്പോള്‍ ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ കേസ് (പി.എം.എല്‍.എ.) സ്വതന്ത്രമായി നിലനില്‍ക്കുന്നതാണെന്നും ലഹരിമരുന്നു കേസുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ബിസിനസ് സംരംഭങ്ങളുടെ മറവില്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡി വാദിച്ചത്. എന്നാല്‍, ക്രിക്കറ്റ് ക്ലബ്, പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടം, മറ്റു ബിസിനസ്, സിനിമ തുടങ്ങിയ വഴിയും ലഭിച്ച വരുമാനമാണ് അക്കൗണ്ടിലുള്ളതെന്നാണും ഡെബിറ്റ് കാര്‍ഡ് ആസൂത്രിതമായി ഇ.ഡി കൊണ്ടിട്ടതാണെന്നുമായിരുന്നു ബിനീഷിന്‍റെ വാദം.