ന്യൂഡല്‍ഹി: കടുത്ത ഹിന്ദുത്വവാദിയും സംഘ്പരിവാറിന്റെ താത്വികാചാര്യനുമായ എം.എസ്. ഗോള്‍വാള്‍ക്കറെ ജന്മവാര്ഷികത്തില് പ്രകീര്‍ത്തിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
ഗോള്‍വാള്‍ക്കറുടെ ചിന്താധാര തലമുറകള്‍ക്ക് പ്രചോദനമായി തുടരുമെന്നാണ് ജന്മവാര്ഷികത്തില് സാംസ്കാരിക മന്ത്രാലയം ഇറക്കിയ ട്വിറ്റര്‍ സന്ദേശം. പഴയ ആര്.എസ്.എസ് മേധാവി കൂടിയായ ഗോള്‍വാള്‍ക്കറെ സാംസ്കാരിക മന്ത്രാലയം പ്രകീര്‍ത്തിക്കുമ്പോള്‍ നാണക്കേടുകൊണ്ട് തല കുനിയുന്നെന്നാണ് മുന്‍സാംസ്കാരിക സെക്രട്ടറി ജവഹര്‍ സിര്‍കര്‍ ട്വീറ്റ് ചെയ്തത്.
മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ നേതാവാണ് ഗോള്‍വാള്‍ക്കര്‍. കേസിന്റെ വിചാരണ ഘട്ടത്തില്‍ ചില സാക്ഷികള്‍ മുങ്ങിയതുകൊണ്ടു മാത്രമാണ് വി.ഡി. സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പിന്നീട് വിട്ടയച്ചത്. ഗാന്ധിജിയുടെ സ്വാതന്ത്ര്യ പോരാട്ടത്തെയും ദേശീയപതാകയെയും അവമതിച്ച ഗോള്‍വാള്‍ക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആരാധ്യപുരുഷനെന്ന് പറയുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജയിലില്‍ അടച്ചിരുന്നു.
ഹൈന്ദവ സംസ്കാരം സ്വീകരിക്കുന്നില്ലെങ്കില്‍ രണ്ടാംകിട പൗരന്മാരെന്നതില് കവിഞ്ഞ് ഒരവകാശവും ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ഇല്ലെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ മറ്റൊരു വാദം. വലിയ ചിന്തകനും പണ്ഡിത ശ്രേഷ്ഠനായ നേതാവുമായി ഗോള്‍വാള്‍ക്കറെ ഉയര്‍ത്തിക്കാണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ഗൗരവ് ഗൊഗോയ് തുടങ്ങിയവരും രംഗത്തുവന്നു.ദേശീയപതാകയെയും ഭരണഘടനയെയും അവമതിച്ചയാളെ സര്‍ക്കാര്‍ പുകഴ്ത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ശശി തരൂര്‍ പറഞ്ഞു.