ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) ഇൻറഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി ഉള്ള പ്രോഗ്രാമുകൾ:
✅ ബാച്ചിലർ ഓഫ് എൻജിനിയറിങ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്
✅ ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം.)
✅മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.): ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറൽസ്റ്റഡീസ്. എം.എസ്‌സി. പ്രോഗ്രാമിൽ ചേരുന്നവർക്ക് (ജനറൽ സ്റ്റഡീസ് ഒഴികെ) ആദ്യവർഷത്തിനുശേഷം എൻജിനിയറിങ് ഡ്യുവൽ ഡിഗ്രിക്കു ചേരാൻ അവസരമുണ്ട്.
യോഗ്യത:
പ്ലസ്ടു/തുല്യപരീക്ഷ 2020-ൽ ജയിച്ചവർക്കും 2021-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് എല്ലാ പ്രോഗ്രാമുകൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ബി.ഫാം. പ്രവേശനത്തിനും അപേക്ഷിക്കാം.
ബാധകമായ മൂന്നു സയൻസ് വിഷയങ്ങൾക്ക് ഓരോന്നിനും 60 ശതമാനം മാർക്കും മൂന്നിനും കൂടി 75 ശതമാനവും നേടിയിരിക്കണം.
ബിറ്റ്സാറ്റ്:
ബിറ്റ്സ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് ‘ബിറ്റ്സാറ്റ്’ വഴിയായിരിക്കും പ്രവേശനം. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്സ് (40 ചോദ്യങ്ങൾ), കെമിസ്ട്രി (40), ഇംഗ്ലീഷ് പ്രൊഫിഷ്യൻസി (15), ലോജിക്കൽ റീസണിങ് (10), മാത്തമാറ്റിക്സ്/ബയോളജി (45) എന്നിവയിൽനിന്നും മൊത്തം 150 ഓബ്ജക്ടീവ് ടൈപ്പ് (മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ) ഉണ്ടാകും. നെഗറ്റീവ് മാർക്കിങ് ഉണ്ട്. 150 ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷവും സമയം ഉണ്ടെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയിൽനിന്ന് നാലുവീതം അധിക ചോദ്യങ്ങൾ (മൊത്തം 12) കൂടി ആവശ്യപ്പെടാം. എൻ.സി.ഇ.ആർ.ടി. സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
അപേക്ഷ https://www.bitsadmission.com വഴി മേയ് 29-ന് വൈകീട്ട് അഞ്ചുവരെ നൽകാം. ടെസ്റ്റ് സെൻറർ ജൂൺ രണ്ടിന് അറിയിക്കും. ജൂൺ 24-നും 30-നും ഇടയ്ക്ക് നടത്തുന്ന ബിറ്റ്സാറ്റ് ഓൺലൈൻ ടെസ്റ്റിന്റെ തീയതിയും സ്ലോട്ടും ജൂൺ നാലുമുതൽ 11 വരെ റിസർവ് ചെയ്യാം. ബിറ്റ്സാറ്റ് അഭിമുഖീകരിക്കുന്നവർ അതിനുശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷിക്കണം. പന്ത്രണ്ടാംക്ലാസ് ബോർഡ് പരീക്ഷാ മാർക്ക്, കാമ്പസ്/കോഴ്സ് മുൻഗണന എന്നിവ നൽകിയുള്ള ഈ അപേക്ഷ ജൂൺ 29, ജൂലായ് 25 കാലയളവിൽ നൽകണം. അഡ്മിറ്റ് ലിസ്റ്റ്/വെയ്റ്റ് ലിസ്റ്റ് ജൂലായ് 31-ന് പ്രഖ്യാപിക്കും.
ബോർഡ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടുന്നവർക്ക് നേരിട്ട് പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: https://www.bitsadmission.com