മലപ്പുറം :എടപ്പാൾ മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി ഇന്ന്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഓളപ്പരപ്പുകളെ ആവേശംകൊള്ളിച്ച് അവിട്ടം നാളിൽ ബിയ്യം കായലിലൂടെ വള്ളങ്ങൾ കുതിക്കും. ആരാണ് കായലോളങ്ങളിലെ രാജാക്കന്മാരാകുന്നതെന്നറിയാൻ വീറും വാശിയും തുടിക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ബിയ്യം കായലോരം.
വെള്ളിയാഴ രണ്ടിനാരംഭിച്ച് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ ഇത്തവണ സമാന്തരമായി താത്കാലിക പവലിയൻ നിർമിച്ചാണ് മത്സരം നടത്തുന്നത്. അയൽ ജില്ലകളിൽനിന്നുൾപ്പെടെ ആയിരകണക്കിനാളുകളാണ് മത്സരം കാണാൻ ബിയ്യം കായലോരത്തേയ്ക്കെത്താറുള്ളത്.
മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളിയ്ക്കായുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ക്ലബ്ബുകാരെല്ലാം. വിദഗ്ധരായ തുഴച്ചിൽക്കാരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പൂർത്തിയാക്കിയിരിക്കുന്നത്. പടിഞ്ഞാറേക്കര, കടവനാട്, പുളിക്കകടവ്, പുറങ്, എരിക്കമണ്ണ, പുഴമ്പ്രം എന്നിവടങ്ങളിൽ നിന്നായി 10 മേജർ വള്ളങ്ങളും 14 മൈനർ വള്ളങ്ങളുമാണ് ഇത്തവണ മത്സരത്തിനുള്ളത്. മേജർ വള്ളത്തിൽ 21 പേരും മൈനറിൽ 12 പേരുമാണ് തുഴയെറിയുക. ആലപ്പുഴ, കോട്ടയം, പറവൂർ എന്നിവിടങ്ങളിൽനിന്നാണ് ഇത്തവണ തുഴച്ചിലുകാരെ എത്തിച്ചിട്ടുള്ളത്.
ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് കായലിൽ വള്ളംകളി നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടുവർഷം വള്ളംകളി ഉപേക്ഷിച്ചിരുന്നു. വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഇ ടി മുഹമ്മദ് ബഷീർ എം.പി. കെ ടി ജലീൽ എം എൽ എ എന്നിവർ മുഖ്യാതിഥികളായും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിക്കും.