തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് അവസാനിച്ചതിന് പിന്നാലെ നേമം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. നേമത്ത് നൂറ് ശതമാനവും വിജയപ്രതീക്ഷ ഉണ്ടെന്ന് കെ മുരളീധരന് പറഞ്ഞു. നേമത്ത് തനിക്ക് എല്ലാ സമുദായങ്ങളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്. ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. പോളിംഗ് ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ മുരളീധരന് പറഞ്ഞു.
നേമത്ത് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത് എന്ന് കെ മുരളീധരന് ആരോപിച്ചു. നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി തന്നെ അത്തരത്തില്‍ പ്രചാരണം നടത്തി. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണ യുഡിഎഫിന് ആകെ കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വോട്ടെടുപ്പ് ദിവസം നേമം മണ്ഡലത്തിലെ 290ഓളം ബൂത്തുകള്‍ താന്‍ സന്ദര്‍ശിക്കുകയുണ്ടായി. എല്ലായിടത്തും യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ആണ് ദൃശ്യമാകുന്നതെന്ന് കെ മുരളീധരന് പറഞ്ഞു. നിശബ്ദ വോട്ട് യുഡിഎഫിന് ഗുണം ചെയ്യും. രാഹുല്‍ ഗാന്ധി നേമത്ത് തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോള്‍ നടത്തിയ പ്രസംഗം അംഗീകാരം ആണെന്നും മുരളി പറഞ്ഞു. നേമത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കെ മുരളീധരന് പറഞ്ഞു. നേമം അടക്കം സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപി വിജയിക്കില്ല.. ബിജെപിയുമായി സിപിഎം വോട്ട് ധാരണ ഉണ്ടാക്കിയാലും അണികള്‍ അത് അംഗീകരിക്കില്ലെന്നും കെ മുരളീധരന് പറഞ്ഞു.