തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയിട്ടും ബി.ജെ.പി നേരിട്ടത് വന്‍ പരാജയം. സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ല.
ഇതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തേയും കോന്നിയിലേയും രണ്ട് ബൂത്തുകളും ഉള്‍പ്പെടും.
59 നിയോജക മണ്ഡലങ്ങളിലെ 318 ബൂത്തുകളിലാണ് ബി.ജെ.പിയ്ക്ക് ഒറ്റവോട്ടും നേടാനാകാത്തത്. 70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് ഒരു വോട്ട് മാത്രമാണ്.
ആയിരത്തിലധികം ബൂത്തുകളില്‍ എന്‍.ഡി.എയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെ വോട്ട് മാത്രമാണ് ലഭിച്ചത്.
എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല. സിനിമാ താരം കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരത്തെ എട്ട് ബൂത്തുകളില്‍ അദ്ദേഹത്തിന് ഒരു വോട്ട് പോലുമില്ല.
മൊത്തം മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയപ്പോഴും അഞ്ചിടത്ത് ഓരോ വോട്ടും മറ്റ് 19 ബൂത്തില്‍ അഞ്ചില്‍ താഴെ വോട്ടും മാത്രമാണ് കൃഷ്ണകുമാറിന് നേടാനായത്. അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചില്ലെന്ന പരാതിയുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂര്‍ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്.