പരസ്യ ഏറ്റുമുട്ടലിന്‌ ബിജെപി ഗ്രൂപ്പുകൾ

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത്‌ നീട്ടിക്കൊണ്ട്‌ പോകുന്നതോടെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഏറ്റുമുട്ടാനൊരുങ്ങി കൃഷ്ണദാസ്‌ പക്ഷം. കഴിഞ്ഞ കോർകമ്മിറ്റിയിലും കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം എതിർഗ്രൂപ്പുകാർ ശക്തമായി ഉയർത്തിയിരുന്നു. എന്നാൽ, ആദ്യം താഴേ തട്ടിൽ അഴിച്ചുപണി ആകട്ടെയെന്നാണ്‌ ദേശീയ നേതാക്കൾ അറിയിച്ചത്‌. ഇതോടെയാണ്‌ സംസ്ഥാന നേതൃമാറ്റം ആവശ്യപ്പെട്ട്‌ പ്രചാരണം ശക്തമാക്കാൻ നീക്കംതുടങ്ങിയത്‌. ഇതിന്റെ ഭാഗമായി കൂടുതൽ പരാതി ദേശീയ നേതൃത്വത്തിന്‌ അയക്കാൻ കൃഷ്ണദാസ്‌ ശോഭ സുരേന്ദ്രൻ സംഘം തയ്യാറെടുക്കുന്നു.

കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം സുരേന്ദ്രപക്ഷക്കാരനായ ജില്ലാ പ്രസിഡന്റ്‌ ഗോപകുമാറിന്റെ കാറ്‌ തടഞ്ഞ്‌ പ്രവർത്തകർ പ്രതിഷേധിച്ചു.

നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷ പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു പ്രസിഡന്റ്‌. മുണ്ടയ്ക്കൽ ക്ഷേത്രത്തിൽ നടന്ന പരിപാടിയാണ്‌ കൈയാങ്കളിയിലെത്തിയത്‌.

കൊട്ടാരക്കരയിൽ സുരേഷ്‌ ഗോപി എംപിയുടെ പരിപാടിയും അലങ്കോലമായിരുന്നു. ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെമാത്രം അറിയിച്ച്‌ പരിപാടികൾ സംഘടിപ്പിക്കുന്നുവെന്നാണ്‌ പരാതി. മുൻ ജില്ലാ അധ്യക്ഷൻ ശിവദാസൻ അടക്കമുള്ള മുതിർന്ന നേതാക്കളെപ്പോലും സ്വന്തംനാട്ടിൽ നടന്ന ബിജെപി പരിപാടി അറിയിച്ചില്ലെന്നാണ്‌ ആക്ഷേപം. ഇതിനിടെയാണ്‌ സുരേഷ്‌ ഗോപി സെൽഫിയെടുക്കാൻ വന്നവരെ ഓടിച്ചുവിട്ട്‌ പരിപാടി ബഹിഷ്കരിച്ചത്‌. സുരേഷ്‌ ഗോപി തങ്ങളെ അപമാനിച്ചെന്നു കാണിച്ച്‌ പ്രവർത്തകരും മുതിർന്ന നേതാക്കളും സംസ്ഥാന സമിതിയെ പ്രതിഷേധം അറിയിച്ചു.

Mediawings:

spot_img

Related Articles

Latest news