ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഇന്നലെ പാർട്ടി വിട്ട ബിജെപി വയനാട്ടിലെ മുതിർന്ന നേതാവ് കെ പി മധു കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹം മുൻ ബിജെപി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി സിദ്ധീഖ് എംഎല്‍എ ,കെപിസിസി അംഗവും പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റുമായ കെ.എല്‍ പൗലോസ് തുടങ്ങിയവരുമായി കെ.പി മധു പ്രാഥമിക ചർച്ച നടത്തിയിരുന്നു.
ഡിസംബർ ഒന്നിന് പ്രിയങ്ക ഗാന്ധി എംപിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന വിജയാഘോഷ ചടങ്ങില്‍ വച്ച് കെ. പി. മധുവിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ ചേരുമെന്ന വാർത്ത ഇതുവരെ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പാർട്ടി വിട്ട ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ കെ.പി. മധുവിന് പാർട്ടി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിൻ്റെ പ്രതികരണം.
മാസങ്ങള്‍ക്കു മുമ്പ് വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡൻ്റായിരുന്നു മധു. വയനാട് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് മധു പാർട്ടി വിട്ടത്. ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറിയശേഷം സംസ്ഥാന പ്രസിഡൻ്റോ ജില്ലാ പ്രസിഡൻ്റോ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അസുഖം വന്ന് കിടപ്പിലായിട്ടും പാർട്ടി നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ല എന്നുള്‍പ്പടെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു മധുവിൻ്റെ പടിയിറക്കം.
ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികള്‍ക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്‍ കടുത്ത നിരാശ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടുകൊണ്ടാണ് കേരളത്തില്‍ ബിജെപിയിലേക്ക് ആളുകള്‍ വരുന്നത്. എന്നാല്‍ അണികളെ യോജിപ്പിച്ചു കൊണ്ട് പോകാൻ കഴിയാത്ത നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ നിരാശയും സങ്കടവുമുണ്ടെന്നും മധു പങ്കുവച്ചിരുന്നു.