ബിജെപി അദ്ധ്യക്ഷ സ്ഥാനം; തമിഴ്നാട് മോഡല്‍ കേരളത്തിലും?

ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തമിഴ്നാട് മോഡല്‍ കേരളത്തിലും പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹം. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈയെ ആണ് തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റാക്കിയത്.

കേരളത്തിലും സമാന നീക്കം കേന്ദ്രനേതൃത്വം നടത്തിയേക്കുമെന്ന അഭ്യുഹങ്ങള്‍ ബി ജെ പി വൃത്തങ്ങളില്‍ സജീവമായി. ആരോപണ വിധേയനായ നിലവിലെ പ്രസിഡന്റിനെ മാറ്റി മുന്‍ ഐ എ എസ്, ഐപിഎസുകാരെയടക്കം പരിഗണിച്ചേക്കുമെന്നാണ് മുരളീധര വിരുദ്ധ പക്ഷത്തിന്റെ പ്രതീക്ഷ.

അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍ രംഗത്തെത്തി. വ്യക്തിയല്ല പാര്‍ട്ടിയെന്നായിരുന്നു മുകുന്ദന്റെ വിമര്‍ശനം. അനുഭവ സമ്പത്തുള്ളവരെ തഴയുകയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.

ബിജെപി യുടെ തമിഴ്‌നാട്‌ സംസ്ഥാന അധ്യക്ഷനായി മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈയെ നിയമിച്ചതോടെയാണ് കേരളത്തിലും മാറ്റങ്ങളുണ്ടായേക്കാമെന്ന്‌ അഭ്യൂഹം പരക്കുന്നത്. സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍ മുരുഗന്‍ കേന്ദ്ര സഹമന്ത്രിയായതോടെയാണ്‌ തമിഴ്‌നാട്ടില്‍ മാറ്റമുണ്ടായത്‌.

കേരളത്തിലെ ഔദ്യോഗിക നേതൃത്വം നിരവധിയായ കേസുകളില്‍ പെട്ടുഴലുകയാണ്‌. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാകട്ടെ കൊടകര കുഴല്‍പ്പണക്കേസ്, ബത്തേരി കോഴക്കേസ്, മഞ്ചേശ്വരം കോഴക്കേസുകളില്‍ ആരോപണ വിധേയനാണ്. ചില കേസുകളില്‍ പ്രതിസ്ഥാനത്തുമാണ്.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

കേരളത്തിലെ ബിജെപി യുടെ ദുരവസ്ഥയ്‌ക്കുള്ള കാരണം പഠിക്കാന്‍ കേന്ദ്ര നേതൃത്വം മൂന്ന്‌ നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. റിട്ട. ഐപിഎസ്‌ ജേക്കബ്‌ തോമസ്‌, റിട്ട. ഐഎഎസ്‌ സി വി ആനന്ദബോസ്‌, ഇ ശ്രീധരന്‍ എന്നിവരാണ്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. സ്വതന്ത്ര സമിതിയെ നിയോഗിച്ചത് കേരള നേതൃത്വത്തിനുള്ള മുന്നറിയിപ്പായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

spot_img

Related Articles

Latest news