തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുകയാണ്. ലോകത്ത് നിന്നും കമ്മ്യൂണിസവും അപ്രത്യക്ഷമാകുന്നു. ബിജെപിക്ക് മാത്രമാണ് രാജ്യത്ത് ഭാവിയുള്ളത്. ഇക്കാര്യം മനസിൽ വെച്ച് കൊണ്ടാകണം ബിജെപി പ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു. രാജ്യത്തെ മറ്റ് ബിജെപി പ്രവർത്തകർക്ക് പ്രവർത്തിക്കാൻ രാഷ്ട്രഭക്തി മാത്രം മതിയെങ്കിൽ കേരളത്തിൽ പ്രവർത്തിക്കണമെങ്കിൽ രാജ്യ സ്നേഹത്തിനൊപ്പം ബലിദാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവും വേണമെന്നും ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കോടിക്കണക്കിന് കുടുംബങ്ങൾക്കാണ് മോദി സർക്കാർ ഗ്യാസ് കണക്ഷൻ നൽകിയത്. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 5.5 കോടി കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നൽകി. പാവപ്പെട്ടവരുടെ കാര്യങ്ങൾ പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദളിത് വിഭാഗത്തിനായി എന്താണ് ചെയ്തത്. ഇതിൻ്റെ കണക്ക് അവതരിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.
മോദി സർക്കാർ എട്ട് വർഷം ഭരണത്തിൽ പൂർത്തിയാക്കിയപ്പോൾ കോൺഗ്രസ് 60 വർഷമാണ് രാജ്യം ഭരിച്ചത്. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കി. പുൽവാമയ്ക്ക് പാകിസ്ഥാനിൽ ചെന്ന് മറുപടി നൽകിയെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തെ പട്ടിക ജാതി – പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാഷ്ട്രത്തിൻ്റെ വികസം സാധ്യമാകില്ലെന്നാണ് പ്രധനാമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നത്. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ പട്ടിക വിഭാഗത്തിൽ നിന്നുള്ള രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രണ്ടാമതും അവസരം ലഭിച്ചപ്പോൾ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തുവെന്ന് അമിത് ഷാ തിരുവന്തപുരത്ത് പറഞ്ഞു.