റിയാദ്: ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് നുപുർ ശർമ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനകളെ സൗദി അറേബ്യ അപലപിച്ചു.
സൗദി വിദേശ കാര്യ മന്ത്രാലയമാണ് പ്രതിഷേധമായി ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ത്യന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) വക്താവിന്റെ പ്രസ്താവനകളെ അപലപിക്കുന്നുവെന്നും വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം ആവശ്യപ്പെടുന്ന രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ച്, വക്താവിനെ സസ്പെന്‍ഡ് ചെയ്ത ബി.ജെ.പിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗ്യാന്‍വാപി വിഷയത്തില്‍ ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവനക്കെതിരെ ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാന് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നൂപുര്‍ ശര്‍മയെയും സമാനമായി ട്വീറ്റിലൂടെ പ്രവാചക നിന്ദ പ്രസ്താവന നടത്തിയ ബി.ജെ.പി ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കി.