തിരുവനന്തപുരം: എസ്ഐആറിലെ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദമാക്കി.
കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും അറിയിച്ചു. ബിഎൽഒ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിഎൽഒമാരുടെ നിയന്ത്രണം. നിയമം അനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദമാക്കി. ഇതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സിഇഒ മുതൽ ബിഎൽഒ വരെ ഇത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
ബിഎൽഒ മാരുടെത് നല്ല പ്രവർത്തനമാണ്. അതിനാലാണ് എസ്ഐആർ മുന്നോട്ട് പോയത്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ബിഎൽഒ മാരെ തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായി. ബിഎൽഒ മാർ പരാതി അറിയിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകും. 10 വർഷം വരെ തടവു കിട്ടാവുന്ന കുറ്റം ചുമത്തും. കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബിഎൽഒ മാർക്കെതിരായ വ്യാജ പ്രചാരണത്തിൽ കർശനമായ നടപടി എടുക്കും. 29000- മരണം, ഇരട്ടിപ്പ് 3800, സ്ഥലം മാറിയവർ 20,000 പേർ, കണ്ടെത്താനാകാത്തത് 4500 എന്നിങ്ങനെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്. കണക്ക് ശരിയെന്ന് ഉറപ്പിക്കുമെന്നും ഏജന്റുമാരായി യോഗം ചേരുമെന്നും രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി.
എസ് ഐ ആർ നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എല്ലാവരുടെയും പങ്കാളിത്തം വേണം. ബിഎൽഒ മാരെ ജനങ്ങൾ സഹായിക്കണം. ബിഎൽഒ മാരുടെ പ്രയാസം പരിഹരിക്കും. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ട്. ബിഎൽഒ മാരെ വില്ലേജ് ഓഫീസർമാർ അടക്കം സഹായിക്കണം. ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കും. അനീഷിന്റെ ആത്മഹത്യയിൽ അന്തിമ റിപ്പോർട്ട് കിട്ടാനുണ്ട്.
ബിഎൽഒ മാരുടെ പ്രതിഷേധത്തിൽ നടപടി എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടി എടുക്കുമെന്നത് തെറ്റായ പ്രചാരണമാണ്. ശരിയായ ജോലി ചെയ്യുന്നവർ തെറ്റായ പ്രചാരണങ്ങളിൽ തളരുന്നു. വാർത്താ സമ്മേളനം വിളിച്ചത് ബിഎൽഒ മാരുടെ ആവശ്യപ്രകാരമാണ്. പാർട്ടികളുടെ സഹായം നല്ല നിലയിൽ കിട്ടുന്നുണ്ട്. ബിഎൽഒ കേന്ദ്ര കമ്മിഷൻ്റെ കീഴിൽ സിഇഒ യുടെ ഉത്തരവ് അനുസരിച്ച് മാത്രം പ്രവർത്തിക്കണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇരട്ട ഡ്യൂട്ടി ഉണ്ടാകില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 4000 ബൂത്ത് ലെവൽ ഏജൻ്റുമാർ എസ്ഐആറിൽ അധികമായി വന്നു. രാഷ്ട്രീയ പാർട്ടികളുടെ സഹായം ഉണ്ടെങ്കിൽ പരാതികൾ ഇല്ലാതെ പരിഹരിക്കാമെന്നും രത്തൻ ഖേൽക്കര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Mediawings :

