ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്. 20പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയാറായിട്ടില്ല. ഇന്നലെ വൈകിട്ട് 6 .55 ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്.
സമീപത്തുള്ള മൂന്ന് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു, അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് അവയെല്ലാം കത്തിനശിച്ചു. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം നാശനഷ്ടങ്ങള്‍ വ്യാപകമാണെന്നും ഉപരിപ്ലവമല്ലെന്നുമാണ് സൂചന. ചെങ്കോട്ടയ്ക്കടുത്തുള്ള പഴയ ഡല്‍ഹിയുടെ സമീപ പ്രദേശങ്ങള്‍ ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പ്രദേശത്ത് എത്തി. സ്‌ഫോടനം നടന്ന സ്ഥലം അവര്‍ വളഞ്ഞിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് ഗതാഗതം തിരിച്ചുവിട്ടു. നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര സംഘടനയെ പോലീസ് പിടികൂടി 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം സംഭവിക്കുന്നത്.
കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സ്‌ഫോടനത്തിന് ശേഷം ഡല്‍ഹിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി എല്‍എന്‍ജെപി ആശുപത്രിയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടന സമയത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസിയായ രാജ്ധര്‍ പാണ്ഡെ പറഞ്ഞു. ‘എന്റെ വീട്ടില്‍ നിന്നപ്പോള്‍ തീജ്വാലകള്‍ ഉയരുന്നത് ഞാന്‍ കണ്ടു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് കാണാന്‍ താഴേക്ക് വന്നു. വലിയൊരു സ്‌ഫോടനം ഉണ്ടായി. ഞാന്‍ സമീപത്താണ് താമസിക്കുന്നത്,’ രാജ്ധര്‍ പാണ്ഡെ പറഞ്ഞു.

