മഞ്ചേരി: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുരുന്നിന് മഞ്ചേരി മെഡിക്കൽ കോളേജ് രക്ഷകരായി. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് മൂടി കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കൾ ആദ്യം എത്തിച്ചത്. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ടു. ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള കുപ്പിയുടെ മൂടി കുടുങ്ങി ശ്വാസനാളം പൂർണ്ണമായും അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തി.
അതീവ ശ്രദ്ധയോടെയുള്ള നീണ്ട പരിശ്രമത്തിനൊടുവിൽ കുപ്പിയുടെ മൂടി തൊണ്ടയിൽ നിന്നും പുറത്തെടുത്തതോടെയാണ് കുരുന്നിന്റെ ശ്വാസം നേരെ വീണത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചെറിയ കുട്ടികളുടെ കൈകളിൽ അവരുടെ വായിൽ കൊള്ളുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ യാതൊരു കാരണവശാലും നൽകരുതെന്ന് ഡോ. ഷാനവാസ് കർശന മുന്നറിയിപ്പും നൽകി.കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ഇകഴ്ത്തിക്കാണിക്കാൻ ചിലർ ശ്രമിക്കുന്ന കാലത്ത് മനുഷ്യജീവൻ മുൻനിർത്തിയ സേവനമാണ് മറുപടി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ.

