തൃശൂര്‍ : ചതുപ്പില്‍ താഴ്ന്നു കൊണ്ടിരുന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 12 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയ ധീരനായ മനുഷ്യസ്നേഹിയാണ് ഇന്നലെ പൂരത്തിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച രമേശ്. എഴുന്നള്ളത്തിനിടെ മരക്കൊമ്പ് വീണു മരിച്ച ഇരിക്കാലി വീട്ടില്‍ രമേഷ്, ജീവന്‍ രക്ഷാപതക് നേടിയിട്ടുണ്ട്.
1997 സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെ ദേശീയപാതയില്‍ നെന്മണിക്കരയില്‍ ചതുപ്പിലേക്കു താഴുകയായിരുന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 12 പേരെ ഇദ്ദേഹം പുറത്തേക്കു വലിച്ചെടുത്തത്. അത്രയും പേരെ രക്ഷപ്പെടുത്തിയപ്പോഴേക്കും വാന്‍ കയത്തില്‍ താഴ്ന്ന് ബാക്കിയുണ്ടായിരുന്ന 9 പേരും മരിച്ചു.
ചതുപ്പു നിലമായതിനാല്‍ നാട്ടുകാര്‍ ഇറങ്ങാന്‍ മടിച്ചിരുന്ന സമയത്താണു സ്വന്തം ജീവന്‍ മറന്ന് രമേഷ് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം ഈ ധീരതയ്ക്ക് രാജ്യം അംഗീകാരം നല്‍കി. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന രമേഷ് തിരുവമ്പാടി പൂരം ആഘോഷ കമ്മിറ്റിയിലെ സജീവ പ്രവര്‍ത്തകനും എരവിമംഗലം അയ്യപ്പസേവാ സംഘത്തിന്റെ സെക്രട്ടറിയുമാണ്. ഭാര്യ: ഇന്ദുലേഖ. മക്കള്‍: മിഥുന്‍, മേഘ്ന.