റിയാദ്: അനധികൃത താമസം, ജോലി സംബന്ധിച്ച ചട്ടങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ തുടങ്ങിയവ ലംഘിച്ചതിന് സൗദിയിൽ കഴിഞ്ഞയാഴ്ച്ച 14,750 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തു.
താമസ നിയമങ്ങൾ ലംഘിച്ചതിന് 8,684 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,028 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,038 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് 225 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 34 പേർ കൂടി പിടിയിലായിട്ടുണ്ട്.
സൗദിയിലേക്ക് നിയമവിരുദ്ധമായ പ്രവേശനത്തിന് സഹായം നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവോ 1 ദശലക്ഷം റിയാൽ (260,000 ഡോളർ) വരെ പിഴയോ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയോ ചെയ്യാവുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.