ചില സ്വപ്‌നങ്ങൾ ധന്യമാകുന്നത് ഇഷ്ടമുള്ളവരെ ചേർത്ത് പിടിച്ചത് നേടുമ്പോഴാണ്. മിക്ക മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവുമെല്ലാം. അങ്ങനെ ഏറെ സ്വപ്നങ്ങളോടെ കാത്തിരുന്ന വിവാഹം എന്ന സ്വപനത്തിന് സാക്ഷ്യം വഹിക്കാനാകാതെ അച്ഛൻ യാത്രയായ സുവന്യയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പ്രിയപെട്ടവരുടെ വേർപാട് എളുപ്പത്തിൽ മറക്കാൻ സാധിക്കുന്ന ഒന്നല്ല. പ്രിയപെട്ടവരെ മുഴുവൻ വേദനയിൽ ആഴ്ത്തിയാണ് രാജസ്ഥാൻ സ്വദേശിയായ സുവന്യയുടെ പിതാവ് ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ വർഷം കാൻസർ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
പിതാവിന്റെ ഓർമയ്ക്കായി അച്ഛൻ തനിയ്ക്കായി എഴുതിയ കത്തിലെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ തുന്നി ചേർത്തിരിക്കുകയാണ് സുവന്യ.
‘എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ’ എന്നാണ് വിവാഹ വസ്ത്രത്തിൽ പെൺകുട്ടി തുന്നിച്ചേർത്തത്. കത്തിലെ വരികളും ഈ കാഴ്ചയും കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറച്ചു. ഈ അടുത്തായിരുന്നു സുവന്യയുടെയും അമൻ കൽറയുടെയും വിവാഹം.
വിവാഹത്തിന് അച്ഛൻ വേണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ കഴിഞ്ഞ മെയ് മാസത്തിൽ അച്ഛനെ നഷ്ടമായി. അച്ഛന്റെ സാന്നിധ്യം എനിക്കൊപ്പം വേണമെന്ന് തീരുമാനമാണ് ഇങ്ങനെയൊരു ആശയത്തിലെത്തിച്ചത്. ഇതിലൂടെ അച്ഛന്റെ സാന്നിധ്യം ഞാൻ അറിയുന്നു എന്നും സുവന്യ പറയുന്നു.
വലിയ ആർഭാടങ്ങളില്ലാതെയാണ് വിവാഹം നടത്തിയത്. സുവന്യ അണിഞ്ഞ ചുവന്ന ലെഹംഗയിലെ അച്ഛന്റെ ഈ വരികളാണ് ലെഹംഗയിൽ ആകെ ഉണ്ടായിരുന്ന അലങ്കാരം. സുനൈന ഖേറ എന്ന ഡിസൈനറാണ് വസ്ത്രം ഡിസൈൻ ചെയ്തത്.
പിതാവ് സുവന്യയ്ക്ക് എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ്. വധുവരന്മാർക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്.