ലണ്ടന്‍: ഉപദേശകയെ ഓഫീസില്‍ ചുംബിക്കുന്ന രഹസ്യകാമറ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വിവാദത്തിലായ ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി പദവി രാജിവച്ചു. തന്നോട് ഏറെ അടുപ്പമുള്ള സഹപ്രവര്‍ത്തകയുമായി ഇടപഴകുന്നതില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും സാമൂഹിക അകലം ലംഘിച്ചെന്നും കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. മാറ്റ് ഹാന്‍കോക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ ആരോഗ്യ മന്ത്രിയായ സാജിദ് ജാവേദിനെ നിയമിച്ചു. പാക്കിസ്ഥാന്‍ വംശജനയാ സാജിദ് നേരത്തെ ധനകാര്യ മ്ന്ത്രി, ആഭ്യന്തര മന്ത്രി പദവികള്‍ വിഹിച്ചിട്ടുള്ള എംപിയാണ്.
തന്റെ ഉപദേശക സംഘത്തിലുള്‍പ്പെട്ട ഗിന കൊലഡാന്‍ജെലോയെ മന്ത്രി ഹാന്‍കോക്ക് ഓഫീസിനകത്ത് വച്ച് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. യൂണിവേഴ്‌സിറ്റി പഠനകാലം തൊട്ട് പരിചയമുള്ള ഗിനയെ ഉപദേശക സമിതിയില്‍ നിയമിച്ചത് മാറ്റ് ഹാന്‍കോക്ക് മറച്ചുവച്ചതും വിവാദമായിരുന്നു. മേയ് ആറിന് ഗിനയെ മാറ്റ് ചുംബിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മാറ്റ് നടത്തിയ രഹസ്യ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
ഗിനയുമായി അടുത്ത് ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഹാന്‍കോക്ക് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഭർതൃമതിയായ ഗിനയും മന്ത്രിയും തമ്മിൽ അവിഹിത ബന്ധമുണ്ടന്ന് ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളാണ് ചിത്രങ്ങൾ സഹിതം ആരോപണം ഉന്നയിച്ചത്. കോവിഡിന്റെ തുടക്ക കാലത്ത് കാര്യങ്ങള്‍ ഹാന്‍കോക്ക് കൈകാര്യം ചെയ്ത രീതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വഴിവിട്ട് പലതും ചെയ്‌തെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് ഒപ്പിട്ട പലകരാറുകളുടേയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. എല്ലാവര്‍ക്കും സ്വകാ്യ ജീവിതം ഉണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പൊതുപണം ഉള്‍പ്പെടുന്നതിനാല്‍ ഇവയെല്ലാം പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. മന്ത്രി തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് വന്‍തുകയുടെ കരാറുകളും ജോലിയും നല്‍കിയെന്നാണ് ആരോപണം. ചുംബന വിവാദത്തില്‍ ഉള്‍പ്പെട്ട ഉപദേശകയേയും മന്ത്രി ഹാന്‍കോക്ക് കഴിഞ്ഞ വര്‍ഷം നിയമിച്ചതാണ്.