സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുകയാണ് ലക്ഷ്യമെന്നും ആ യാത്രയിലെ ഉറച്ച ചുവടുവയ്പാണ് പുതുക്കിയ ബജറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ വികസന നയങ്ങളുടെ തുടർച്ചയാണ് പുതിയ ബജറ്റ്.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം. ആ ജനവിധി ഉൾക്കൊണ്ട്, സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയെ കൂടുതൽ കരുത്തോടെ പുതിയ ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് പ്രഖ്യാപിച്ചത്. അതിൽ 50 ശതമാനത്തോളം ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തിക്കും. ബാക്കി തുക സാമ്പത്തിക പുനരുജ്ജീവന നടപടികൾക്കും ആരോഗ്യ മേഖലയെ ശാക്തീകരിക്കാനുമാണ്.
തീവ്ര ദാരിദ്ര്യം തുടച്ചുനീക്കുക, സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുക, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുക തുടങ്ങി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട്. ജനക്ഷേമത്തിൽ വിട്ടുവീഴ്ചകളില്ലാതെ, വികസനം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.