കൊച്ചി : ലക്ഷദ്വീപിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകേന്ദ്രം. കടല്ത്തീരത്ത് നിന്ന് 20 മീറ്റര് പരിധിയിലുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകള്ക്ക് അവ പൊളിച്ചുനീക്കാനാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്കി.
2016ല്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മന്റ് പ്ലാന്‍ (ഐഐഎംപി) പ്രകാരമുള്ള നിര്‍മിതികള്‍ മാത്രമേ അനുവദിക്കൂ എന്ന ന്യായം നിരത്തിയാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശ്രമം നടത്തുന്നത്.
നോട്ടീസ് ലഭിച്ചവര് 30നകം മതിയായ രേഖകള് സഹിതം വിശദീകരണം നല്കാനാണ് നിര്ദേശം. വിശദീകരണവും രേഖകളും തൃപ്തികരമല്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിക്കണം. അല്ലാത്തപക്ഷം, റവന്യൂ അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റും. ചെലവ് ഉടമകളില്‍നിന്ന് ഈടാക്കുമെന്നും നോട്ടീസില് പറയുന്നു.
കവരത്തിയിലെ വീടുകള്‍ ഉള്‍പ്പെടെ 102 കെട്ടിടങ്ങള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കിയത്. പിന്നീട് 52 വീടുകള്‍ക്കുകൂടി നോട്ടീസ് നല്‍കി. വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് അനധികൃത നിര്മാണങ്ങള്‍ പൊളിക്കാന് നിര്‍ദേശം നല്‍കിയത് എന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം.
മാലിദ്വീപിലെ ബീച്ച് ടൂറിസം, വാട്ടര്‍ വില്ലകള്‍ എന്നിവയ്ക്ക് സമാനമായി ലക്ഷദ്വീപിലെ കടമത്ത്, മിനിക്കോയ്, സുഹേലി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനും വികസന പദ്ധതികള്‍ നടപ്പാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
806 കോടി രൂപയുടെ കടല്‍ത്തീര വിനോദസഞ്ചാര പദ്ധതിയാണിത്. നീതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണ കേന്ദ്രത്തിന്റെയും മേല്‍നോട്ടത്തിലാകും ഇത് നടപ്പാക്കുക.
കവരത്തിയില്‍ നോട്ടീസ് നല്‍കാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മറ്റും പൊളിച്ചുനീക്കിയിരുന്നു. ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മന്റ് പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന നിര്‍ദേശവും നോട്ടീസില്‍ ആവര്‍ത്തിക്കുന്നു.
കഴിഞ്ഞ ദിവസം ചെറിയം, സുഹേലി, കല്‍പ്പേനി ദ്വീപുകളിലെ ഷെഡുകള്‍ ഒരാഴ്ചയ്ക്കകം പൊളിക്കാന്‍ കല്‍പ്പേനി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു.