കോഴിക്കോട്: സിനിമ തിയറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍നിന്ന് ബുള്ളറ്റ് മോഷ്ടിച്ചയാള്‍ പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശി ഫസലുദ്ദീന്‍ തങ്ങള്‍ (28) ആണ് അറസ്റ്റിലായത്.ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ആഗസ്റ്റ് 18ന് രാത്രി അപ്സര തിയറ്ററിനു പിറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റാണിയാള്‍ കവര്‍ന്നത്. ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് രഹസ്യകേന്ദ്രത്തില്‍നിന്നും മാറ്റാനിയാള്‍ നഗരത്തിലെത്തിയെങ്കിലും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് കര്‍ണാടക അതിര്‍ത്തിയില്‍ രഹസ്യമായി താമസിച്ചുവരുകയായിരുന്നു.
അന്വേഷണത്തിനിടെ വാവാട്, താമരശ്ശേരി, അടിവാരം ഭാഗങ്ങളില്‍ രാത്രിയില്‍ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തുമ്ബോഴേക്കും രക്ഷപ്പെട്ടു. തുടര്‍ന്ന് താമരശ്ശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരായി തങ്ങിയ ക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.
ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ഇ. ബാബു, സീനിയര്‍ സി.പി.ഒ പി. സജേഷ് കുമാര്‍, സി.പി.ഒമാരായ പി.കെ. രതീഷ്, പി. ജിതേന്ദ്രന്‍, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.