ആലപ്പുഴ: ആഴ്ചയിൽ മൂന്നു ദിവസം മാത്രം തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികൾ വലിയ പ്രയാസങ്ങളിലാണെന്നും, ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പരിമിതമായ ദിവസങ്ങൾ മാത്രം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുന്നത് കാരണം, ആ ദിനങ്ങളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് കോവിഡ് പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടാക്കുന്നു. എല്ലാ ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുകയും, സാമൂഹിക അകലം കർശനമാക്കുകയും ചെയ്താൽ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകുകയും, തിരക്കുകൾ ഇല്ലാത്ത വിധം സ്ഥാപനങ്ങളും തെരുവുകളും നിയന്ത്രിക്കാനും കഴിയും. കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി ഇക്കാര്യങ്ങൾ വിശദമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും, സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
ആഗതമായ ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നിർവഹണത്തിന് മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പള്ളികളിൽ നിസ്കാരം നടത്താൻ, കോവിഡ് പോസിറ്റിവ് കേസുകൾ കുറഞ്ഞ സ്ഥലങ്ങളിൽ അനുമതി നൽകണമെന്നും സർക്കാറിനോട് കാന്തപുരം ആവശ്യപ്പെട്ടു.