ചേലക്കരയിലും വയനാടും കാടിളക്കിയുള്ള പ്രചാരണമാണ് അവസാന നിമിഷങ്ങളില്‍ നടന്നത്. വയനാട്ടില്‍ കലാശക്കൊട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കയ്ക്ക് ഒപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തത് യുഡിഎഫ് അണികളെ ആവേശഭരിതരാക്കി.സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്കയ്ക്ക് ഒപ്പം റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. “പ്രചാരണം കഴിഞ്ഞു വൈകിയെത്തിയാലും ക്ഷീണം തോന്നാറില്ല, നിങ്ങളുടെ സ്നേഹം എന്നെ വല്ലാതെ സ്വാധീച്ചിട്ടുണ്ട്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ ഞാൻ ശ്രമിക്കുകയാണ്. നിങ്ങള്‍ എനിക്ക് ഒരുപാട് സ്നേഹം നല്കി. മത സ്നേഹവും സഹോദര്യവും ഈ നാട്ടിലുണ്ട്.” – നാട്ടുകാരെ ആവേശഭരിതരാക്കി പ്രിയങ്ക പറഞ്ഞു.
കല്‍പ്പറ്റയിലെ കലാശക്കൊട്ടിലാണ് ഇടത് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി പങ്കെടുത്തത്. വയനാട്ടില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും മൂന്നിടത്താണ് പരിപാടിയില്‍ പങ്കെടുത്തത്. ബത്തേരിയും കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമായിരുന്നു കൊട്ടിക്കലാശം.
വയനാടും ചേലക്കരയിലും അണികള്‍ ആഹ്ലാദനൃത്തം ചവിട്ടി. ചേലക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ചാണ് കലാശക്കൊട്ടിന് എത്തിയത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഒപ്പമാണ് രാഹുല്‍ നിന്നത്.
കോഴിക്കോട് തിരുവമ്പാടിയിലാണ് പ്രിയങ്ക കലാശക്കൊട്ടിന് എത്തിയത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വയനാട്ടില്‍ ക്രെയിനില്‍ കയറിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് അണികളെ അഭിവാദ്യം ചെയ്തത്. ഇനി നിശബ്ദപ്രചാരണം. അതുകഴിഞ്ഞ് ബുധനാഴ്ച വയനാടും ചേലക്കരയും ബൂത്തിലേക്ക് നീങ്ങും.