ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 49 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും.വോട്ടെണ്ണല്‍ 31ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 18 ലോക്‌സഭ മണ്ഡലങ്ങളില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് ആകുമോ എന്ന് കൂടി പരിശോധിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നടക്കുക.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന് പുറമെ, നാല് ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറ് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതല്‍ നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്‌ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാനും പരമാവധി സീറ്റ് പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ് ഇടത് മുന്നണി. അടുത്ത വര്‍ഷം മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്‌സലായിട്ടാണ് ഈ ഉപതിരഞ്ഞെടുപ്പുകളെ എല്‍ഡിഎഫ് കാണുന്നത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് പിടിച്ചെടുത്ത ബിജെപിക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം കൈവരിച്ച ട്രെന്‍ഡ് തദ്ദേശ വാര്‍ഡുതലത്തിലും നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.
ഈ മാസം 16, 17 തീയതികളില്‍ വയനാട്ടില്‍ ചേര്‍ന്ന കെപിസിസി കോണ്‍ക്ലേവില്‍ അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടാനുള്ള പദ്ധതിയുടെ ഭാഗമായി മിഷന്‍ 2025 പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവതരിപ്പിച്ചിരുന്നു. യോഗം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ പാര്‍ട്ടിക്കുളളില്‍ പ്രതിപക്ഷ നേതാവിനെതിരെ പോര്‍വിളിയും തുടങ്ങി. ഒപ്പം നേതാക്കള്‍ ചേരിതിരിഞ്ഞ് പ്രസ്താവന യുദ്ധവും ആരംഭിച്ചു. ഈ ചേരിപ്പോര് തുടരുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് ഈ ഉപതിരഞ്ഞെടുപ്പുകളെ നേരിടുന്നത്. അഞ്ചു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനു പുറമെ, സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതും ഉപതിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം വര്‍ദ്ധിപ്പിക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയ ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. വാര്‍ഡ് വിഭജനത്തിലൂടെ ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വാര്‍ഡുകള്‍ കൂടുമെന്നത് നിശ്ചയിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ അന്തിമഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ ഇതു പൂര്‍ണമാകും എന്നാണ് സൂചന. വര്‍ധിക്കുന്ന വാര്‍ഡുകളുടെ എണ്ണം വ്യക്തമാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പ്രത്യേക വിജ്ഞാപനങ്ങള്‍ ഉണ്ടാകും. 2011 ലെ സെന്‍സസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വാര്‍ഡുകള്‍ അധികം വരുമെന്നു കണക്കാക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഒരു വാര്‍ഡ് എങ്കിലും കൂടുമെങ്കിലും ചിലയിടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വാര്‍ഡുകള്‍ അധികമായി വരും. നാല് മുതല്‍ ആറ് മാസം കൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ത്തിയാവും.
പരമാവധി വാര്‍ഡുകള്‍ പുതിയതായി സൃഷ്ടിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം നിലനിര്‍ത്താനാണ് ഭരണമുന്നണി ശ്രമിക്കുന്നത്.