വയനാട് പുനരധിവാസ പാക്കേജിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു.മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. ആയിരം സ്ക്വയർ ഫീറ്റില്‍ ഒറ്റനില വീടുകളാണ് നിർമിക്കുക. ഇത്തരത്തില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിർമിക്കും. 750 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഇന്ന് സ്പോണ്‍സർമാരുമായി മുഖ്യമന്ത്രിയുടെ ചർച്ച നടത്തും. ഇതിന് ശേഷം ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം, വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസ ടൗണ്‍ഷിപ്പിനായി സർക്കാർ കണ്ടെത്തിയ തോട്ടഭൂമികളില്‍ സർവേ നടപടികള്‍ക്ക് തുടക്കമായി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സംഘമാണ് സർവേയിലുണ്ടാവുക. ഉദ്യോഗസ്ഥരുടെ 10 ഗ്രൂപ്പുകള്‍ സർവേയുടെ ഭാഗമാകും.പരിശോധനയ്ക്ക് ശേഷം ഈ സംയുക്ത സംഘത്തിൻ്റെ റിപ്പോർട്ട് ടൗണ്‍ഷിപ്പ് നിർമാണ സ്ഥലം തീരുമാനിക്കാൻ നിർണായകമാണ്.
വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഡിസംബർ 30ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. വയനാടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുള്ള കത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അയച്ചത്. കേരളത്തിൻ്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കിടെയാണ് ഉത്തരവിറങ്ങിയത്. ഇതോടെയാണ് സംസ്ഥാന സർക്കാരിൻ്റെ പുനരധിവാസ പ്രക്രിയകള്‍ വേഗത്തിലായത്.
2024 ജൂലൈ 30നായിരുന്നു വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത്. ദുരന്തം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ ഈ തുക കൂടി കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. മുണ്ടക്കൈയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കാനിരിക്കുകയാണ്.