പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി : സംസ്ഥാനത്തു നിന്ന് സൗദിയിലേക്ക് എയർ ബബ്ൾ സർവ്വീസ് വൈകും

കരിപ്പൂർ: ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഒപ്പു വെച്ച എയർ ബബ്​ൾ കരാർ പ്രകാരം സൗദി അറേബ്യയിലേക്ക്​ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ നീളും. പ്രവാസികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസ ലോകത്ത് വലിയ പ്രതിഷേധമുയരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ മറ്റൊരു ഇരുട്ടടി കൂടി പുറത്ത് വന്നത്.

നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11നായിരുന്നു സൗദിയിലേക്കുള്ള സർവിസ്​ ആരംഭിക്കേണ്ടത്​. റിയാദ്​ സെക്ടറിൽ സൗദി വിമാനക്കമ്പനിയായ ഫ്ലൈ നാസ്​ സർവിസ്​ പ്രഖ്യാപിച്ചിരുന്നതാണ്.

എന്നാൽ, സംസ്ഥാന സർക്കാറിൽനിന്ന്​ അനുമതി വൈകുന്നതിനാൽ ബുക്കിങ്​ ആരംഭിക്കാനായിട്ടില്ല. എയർ ബബ്​ൾ പ്രകാരം അതത്​ സംസ്ഥാന സർക്കാറിന്‍റെ അനുമതികൂടി വേണം. ഇതിന്​ വിമാനക്കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്​. സർക്കാർ അനുമതി ലഭിച്ച​ ശേഷമേ ബുക്കിങ്​ ആരംഭിക്കാൻ സാധിക്കൂവെന്ന്​ ഇവർ വ്യക്തമാക്കി.

അതിനാൽ നിലവിലെ സാഹചര്യത്തിൽ സർവ്വീസ് 11ന്​ തുടങ്ങാനാകില്ല. റിയാദ്​ സെക്ടറിൽ ആഴ്ചയിൽ മൂന്ന്​ സർവിസാണ് ഇവർ​ നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന്​ റിയാദിൽനിന്നെത്തുന്ന വിമാനം 8.30ന്​ മടങ്ങും.

ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക്​ എല്ലാം ഈ സർവിസിന്​ കണക്ഷൻ വിമാനം ലഭിക്കും. ഇൻഡിഗോയും ജിദ്ദ, ദമ്മാം സെക്​ടറിൽ 11 മുതൽ സർവിസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നി​ന്ന്​ നാട്ടിലേക്ക് മാത്രമേ യാത്ര അനുവദിക്കൂ. സൗദിയിലേക്കുള്ള യാത്ര സംബന്ധിച്ച്​ പിന്നീട്​ അറിയിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

spot_img

Related Articles

Latest news