ന്യൂഡൽഹി: മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാൾ ആരാണെന്ന് ഇനി അറിയാം. സിം കാർഡ് എടുക്കുന്നതിനായി നൽകിയ തിരിച്ചറിയൽ രേഖയിലെ പേര് ഇൻകമിങ് കോളിനൊപ്പം ഫോണിൽ തെളിയിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) സംവിധാനം രാജ്യവ്യാപകമായി ഇന്ന് മുതൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.
ആദ്യഘട്ടത്തിൽ 4ജി, 5ജി നെറ്റ്വർക്കുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങൾ പല ടെലികോം സേവനദാതാക്കളും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾ പ്രത്യേകമായി ആക്ടിവേറ്റ് ചെയ്യുകയോ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയോ വേണ്ടതില്ല. സംവിധാനം ലഭ്യമാകുന്നതോടെ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്നുള്ള കോളുകൾ വരുമ്പോഴും വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ കാണാനാകും.
അതേസമയം, ബിസിനസ് കണക്ഷനുകൾക്ക് തിരിച്ചറിയൽ രേഖയിലെ പേരിനു പകരം സ്ഥാപനത്തിന്റെ ട്രേഡ്മാർക്ക് പേരോ ഇഷ്ടപ്പെട്ട പേരോ (പ്രിഫേഡ് നെയിം) പ്രദർശിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ ബിസിനസ് കണക്ഷൻ എടുക്കുമ്പോൾ തന്നെ ഈ പേര് നൽകാം. നിലവിലുള്ള ബിസിനസ് ഉപയോക്താക്കൾക്കും പ്രിഫേഡ് നെയിം ഉൾപ്പെടുത്താനുള്ള അവസരമുണ്ടാകും
Mediawings:

