കോഴിക്കോട് : അങ്ങോട്ടുമിങ്ങോട്ടും ഓട്ടപ്പാച്ചിലില്ലാതെ ജനങ്ങൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (ടിഒഡി) നഗരമാവാൻ കോഴിക്കോട് ഒരുങ്ങുന്നു. നഗരത്തിരക്കും ഗതാഗത തടസ്സവും പാർക്കിങ് പരിമിതികൾക്കുമെല്ലാം പരിഹാരമാകുന്നതാണ് പദ്ധതി. ആസൂത്രിത നഗരമെന്ന സങ്കൽപ്പമാണ് ടിഒഡി പങ്കുവയ്ക്കുന്നത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി തലങ്ങും വിലങ്ങുമുള്ള സഞ്ചാരം പരിമിതപ്പെടുത്തുന്നതാണ് സങ്കൽപ്പപദ്ധതി. കോർപറേഷന്റെ മാസ്റ്റർ പ്ലാനിൽ ടിഒഡി ഉൾപ്പെടുത്താനായി കൗൺസിൽ യോഗം തീരുമാനിച്ചു.
അഞ്ചുലക്ഷമോ അധികമോ ജനസംഖ്യയുള്ള നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുഗതാഗത സംവിധാനമുള്ള ഭാഗങ്ങളിലാവും ഇതിന്റെ ഇടനാഴി (ട്രാൻസിറ്റ് കോറിഡോർ). വിവിധ കച്ചവട, വ്യാപാര കമ്പനികളും സ്ഥാപനങ്ങളും അടങ്ങുന്ന ടിഒഡി സോണുകൾ ഇതിനോട് ചേർന്നുണ്ടാകും. അസിസ്റ്റന്റ് ടൗൺ പ്ലാനർ ഗിരീഷ് കുമാറാണ് പദ്ധതി ആശയം അവതരിപ്പിച്ചത്. പദ്ധതി എവിടെ, എങ്ങനെയെന്നതിന് കൗൺസിൽ അന്തിമരൂപം നൽകും.
നിർദിഷ്ട ലൈറ്റ് മെട്രോ പാതാ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാവും സോൺ. കാൽനട യാത്രക്കാർ, സൈക്കിൾ യാത്രക്കാർ എന്നിവർക്ക് വേണ്ട സൗകര്യങ്ങളും ഉൾപ്പെടുത്തും. ഏതാണ്ട് 500 മീറ്റർ വിസ്തൃതിയിലായിരിക്കും ടിഒഡി സോണുകൾ. റസ്റ്റോറന്റ്, അപ്പാർട്ട്മെന്റ്, സിനിമ കഫെ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെയുണ്ടാകും. പ്രത്യേക പാർക്കിങ് സോണുകളുമുണ്ട്. ഹൗസിങ് യൂണിറ്റുകളും അനുവദിക്കും. സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് ന്യായമായ പാക്കേജും മുന്നോട്ടുവയ്ക്കുന്നു.
അമൃത് പദ്ധതിയിൽ നഗരത്തിന്റെ ജിഐഎസ് അധികൃത മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ പുരാേഗമിക്കുകയാണ്. ചർച്ചകൾക്കുശേഷമേ പൂർണരൂപമാകൂ എന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ഹൗസിങ് ബോർഡിന്റെ സ്ഥലം സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ഏറ്റെടുക്കാനും കൗൺസിൽ അനുമതി നൽകി. ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്ക് വീട് പണിയാനാണ് സ്ഥലം വാങ്ങുന്നത്.