റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡയും

പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കാനഡയും. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്.

അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ഉപരോധം കൂടുതല്‍ കടുപ്പിക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം. റഷ്യയുമായി സഹകരിച്ച് നടത്താനിരുന്ന ഒരു വന്‍ ഗ്യാസ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജര്‍മ്മനി പിന്നോട്ടുപോയതും റഷ്യന്‍ സമ്പദ് രംഗത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.

യുദ്ധഭീതി പരക്കുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രദേശങ്ങളിലേക്ക് 460 സൈനികരെക്കൂടി അധികമായി വിന്യസിക്കാന്‍ പദ്ധതിയിടുകയാണെന്നും കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം 24 മണിക്കൂറിനുള്ളില്‍ വളരെ വര്‍ധിച്ചതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

റഷ്യക്കുമേല്‍ അമേരിക്കയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി രണ്ട് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യ യുദ്ധ പ്രഖ്യാപനവുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ഉപരോധമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കി.

റഷ്യയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാത്രമല്ല യുക്രൈന് എല്ലാ സഹായവും നല്‍കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലക്ക് കൂടുതല്‍ സൈന്യത്തെ അമേരിക്ക അയയ്ക്കും.

ഇതിനിടെ റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തിയിരുന്നു. അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടണ്‍ മരവിപ്പിക്കുകയും ചെയ്തു.

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിന്‍ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.

spot_img

Related Articles

Latest news