കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്.ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്ത് മണിയോടെയാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന നടക്കുമ്പോള്‍ വേടൻ ഫ്ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒമ്പത് പേരടങ്ങുന്ന സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശിയാണ് വേടൻ.
ഇന്നലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് രണ്ടു പ്രമുഖ യുവ സംവിധായകരും അവരുടെ സുഹൃത്തും പിടിയിലായിരുന്നു. യുവസംവിധായകരായ ഖാലിദ് റഹ്മാനും (35) അഷറഫ് ഹംസയുമാണ് (46) കൊച്ചിയില്‍ പിടിയിലായത്.
ഇരുവരെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തു. തിയേറ്ററില്‍ പ്രദർശനം തുടരുന്ന ‘ആലപ്പുഴ ജിംഖാന’യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷറഫ് ഹംസ.
പ്രമുഖ ഛായാഗ്രാഹകനായ സമീർ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തെ പൂർവ ഗ്രാൻഡ് ബേ ഫ്ളാറ്റില്‍ നിന്നാണ് ഇവരെയും സുഹൃത്ത് ഷാലി മുഹമ്മദിനെയും (35) ഇന്നലെ പുലർച്ചെ രണ്ടിന് എക്സൈസ് പിടികൂടിയത്. ഷാലി മുഹമ്മദ് വഴിയായിരുന്നു ഇടപാട്.