ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു.പ്രതിഭ എംഎല്‍എയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. കോടതിയില്‍ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടില്‍നിന്ന് കനിവിന്‍റെ പേര് ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ ഡിസംബർ 28ന് ആലപ്പുഴ തകഴിയില്‍നിന്നാണ് എംഎല്‍എയുടെ മകൻ അടക്കം ഒന്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒന്പത് പേരെയും കേസില്‍ പ്രതി ചേർത്തിരുന്നു.
കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. എന്നാല്‍ നിലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും.
സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എംഎല്‍എ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നല്‍കി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍.
കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നിലനില്‍ക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.