കയ്യിൽ നല്ലൊരു തിരക്കഥ ഉണ്ടെങ്കിലും അത് സിനിമ എടുക്കുന്നവരിൽ എത്തിക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് പരിഹാരം കാണുകയാണ് തിരുവനന്തപുരം കിഴക്കേകോട്ട സ്വദേശി വിഗ്നേഷ് രാമസ്വാമിയുടെ പുതിയ സ്റ്റാര്‍ട്ടപ് ‘ക്യാന്‍വാസ്.സ്പേസ്’ ( https://canvas.space/ ).
കഥ, തിരക്കഥ, സാഹിത്യം, വര, ചിത്രം, പുസ്തകം, സ്റ്റാന്‍ഡപ് കോമഡി, ഫീച്ചര്‍ എഴുത്തുകാര്‍, പോഡ്കാസ്റ്റേഴ്സ്, യുട്യൂബേഴ്സ്, പരസ്യ വാചകമെഴുത്ത് എന്നിങ്ങനെ സൃഷ്ടിപരമായ എല്ലാം ഈ ക്യാൻവാസിൽ പ്രദര്‍ശിപ്പിക്കാം. കൈമാറാനും വില്‍ക്കാനും അവസരവുമുണ്ട്. തിരക്കഥ കൈയിലുള്ളയാള്‍ക്ക് സംവിധായകനെ കിട്ടും. കഥ തേടുന്നവര്‍ക്ക് അതും. സൃഷ്ടികള്‍ പൂര്‍ണമായും ഭാഗികമായി മറച്ചു വെച്ചും പ്രദര്‍ശിപ്പിക്കാം.
ഒരു നോവല്‍ ‘ക്യാന്‍വാസി ’ല്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ അവസാന രണ്ട് അധ്യായം എഴുത്തുകാരന് വേണമെങ്കില്‍ ലോക്ക് ചെയ്യാം. തുടര്‍ന്നും വായിക്കണമെങ്കില്‍ നിശ്ചിത തുക അടയ്ക്കാനും വ്യവസ്ഥ ചെയ്യാം. അഭിരുചികളെ സാധ്യതകള്‍ക്കനുസരിച്ച് വില്‍ക്കാനാകുന്ന ലോകത്തെ തന്നെ ആദ്യത്തെ അഭിനിവേശ സമ്പദ് വ്യവസ്ഥ (പാഷന് എക്കോണമി) എന്ന ആശയത്തിനാണ് ഒരു മലയാളി തുടക്കമിട്ടിരിക്കുന്നത്.
പഠന കാലത്തുതന്നെ വിഗ്നേഷ് ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരുന്നു. എന്നാല്‍, കോവിഡും ലോക്ഡൗണും വീട്ടിലിരിപ്പും വേണ്ടിവന്നു എല്ലാവര്ക്കും ഈ യുവ സംരഭകനെ തിരിച്ചറിയാന്‍.
ഇപ്പോള്‍ പലരും തേടിയെത്തുന്നു. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും എഴുത്തുകാരനായ മദന്‍ കര്‍ക്കി, അമേരിക്കയിലുള്ള കലാകാരന് കെ കെ രാഘവ എന്നിവരാണ് പുതിയ സ്റ്റാര്‍ട്ടപ്പില്‍ വിഗ്നേഷിനൊപ്പം കൂട്ടുചേര്‍ന്നത്. നേരത്തേ നാഷണല്‍ സ്കൂള്‍ ഓഫ് ജേണലിസം, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ ഈ സ്റ്റാര്‍ട്ടപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.
രണ്ടായിരം പേര് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ കൂടാതെ അമേരിക്ക, സിംഗപ്പുര്‍ എന്നിവിടങ്ങളിലും ക്യാന്‍വാസ് പ്രവര്‍ത്തനത്തിലുണ്ടെന്ന് വിഗ്നേഷ് പറഞ്ഞു.