ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റം ചുമത്തിയ വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ചയില്‍. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് യുഎസില്‍ കേസ് വന്നിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പ്രധാന ആരോപണം.
അദാനി എനര്‍ജി സൊലൂഷന് 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം യുഎസിന് വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് കേസ് വന്നിരിക്കുന്നത്.