നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന സ്പീക്കർ എം ബി രാജേഷിൻ്റെ പരാതിയിൽ അഡ്വ. കെ ജയശങ്കറിനെതിരെ കേസെടുത്തു.
ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസ് എടുത്തത്. ഒക്ടോബർ 20 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ എംബി രാജേഷ് പ്രതികൾക്കായി ഇടപെട്ടുവെന്ന് അഡ്വ. ജയശങ്കർ ആരോപിച്ചിരുന്നു. ഇതിനെതിരെ എംബി രാജേഷ് അഡ്വ. ജയശങ്കറിനെതിരെ മാനനഷ്ടകേസ് ഫയൽ കേസ് ചെയ്തു.
എംബി രാജേഷിൻ്റെ സഹോദരൻ നിതിൻ കണിച്ചേരിക്കെതിരെയും അഡ്വ. ജയശങ്കർ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ ജനവിധി തേടുമ്പോഴാണ് എം ബി രാജേഷിനെതിരെ അഡ്വ. ജയശങ്കർ ചാനൽ ചർച്ചയിലൂടെ വാളയാർ കേസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.