കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോള്‍. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്.പരോള്‍ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധ.
തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.
ഭർത്താവിന് 30 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തർക്കം നിലനില്‍ക്കുന്നതിനാല്‍ തടവുപുള്ളിയെ പുറത്തു വിട്ടാല്‍ സാഹചര്യം മോശമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോള്‍ നിഷേധിച്ചത്. മാത്രമല്ല, ജയില്‍ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂര്‍ ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.