ന്യൂദല്‍ഹി- അലോപതി ചികിത്സാരീതിക്കെതിരെ പ്രചരണം നടത്തുകയും ശാസ്ത്രീയ വൈദ്യരീതികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന യോഗ പരിശീലകനും പതജ്ഞലി ആയുര്‍വേദ ഉടമയുമായ ബാബ രാംദേവിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. പകര്‍ച്ചാവ്യാധി നിയമപ്രകാരം രാംദേവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. രാജ്യത്തെ സാക്ഷരരായ സമൂഹത്തിനും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഇരയാകുന്ന പാവങ്ങള്‍ക്കും രാംദേവിന്റെ അറിവില്ലായ്മ ഒരു ഭീഷണിയാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
അലോപതി ഒരു അസംബന്ധ ശാസ്ത്രമാണെന്നും അലോപതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും രാംദേവ് പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതും ഐഎംഎ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കോവിഡ് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡിസിവിര്‍, ഫാവിഫ്ളൂ തുടങ്ങിയ മരുന്നുകള്‍ ഫലം ചെയ്യുന്നില്ലെന്നും രാംദേവ് ആരോപിച്ചിരുന്നു.
അലോപതി ഡോക്ടറും അലോപതി വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരികൂടിയായ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് ഒന്നുകില്‍ ഈ മാന്യന് പറയുന്ന വാദങ്ങള്‍ അംഗീകരിക്കണം അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ തീതുപ്പുന്ന വാക്കുകളുടെ പേരില്‍ കേസെടുത്ത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ രക്ഷിക്കണം- ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.