ജാർഖണ്ഡിൽ പ്രഭാതസവാരിക്കിടെ ജില്ലാ ജഡ്ജ് ഓട്ടോ ഇടിച്ചുമരിച്ച സംഭവത്തിൽ വ്യക്തത വരുത്തി സിബിഐ. ജഡ്ജിയുടേത് അപകട മരണമല്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ച റിപ്പോർട്ടിൽ പറയുന്നു. റാഞ്ചി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ജഡ്ജിയെ വാഹനം പിന്നിൽ നിന്നും വന്നിടിച്ചത് യാദൃച്ഛികമല്ലെന്നും, ബോധപൂർവം ഇടിപ്പിച്ചതാണെന്നും സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് ധൻബാദ് അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് വാഹനം ഇടിച്ച് മരിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നിൽ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നാർകോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കി. പ്രതികളിലൊരാൾ മോഷ്ടിച്ചു കൊണ്ടു വന്ന ഓട്ടോയാണ് ജഡ്ജിയെ ഇടിപ്പിച്ചതെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.
പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടർന്ന് റാഞ്ചി ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്.